പ്രാര്‍ത്ഥനയില്‍ ഉറച്ചുനില്‍ക്കണം: വെനിസ്വേലന്‍ മെത്രാന്‍ സമിതിയുടെ ആഹ്വാനം
കാരക്കാസ്: പ്രാര്‍ത്ഥനയില്‍ ഉറച്ചുനില്‍ക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ആഹ്വാനവുമായി വെനിസ്വേലന്‍ മെത്രാന്‍ സമിതി.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനു ശേഷം പുറത്തിറക്കിയ സന്ദേശത്തിലാണ് മെത്രാന്‍ സമിതിയുടെ ആഹ്വാനം.
നമ്മുടെ രാജ്യം ഇന്ന് അനുഭവിക്കുന്ന സംഭവങ്ങളുടെ വെളിച്ചത്തില്‍, എല്ലാ വെനിസ്വേലക്കാര്‍ക്കും ശാന്തതയും ജ്ഞാനവും ശക്തിയും നല്‍കണമെന്ന് ദൈവത്തോട് അപേക്ഷിക്കാമെന്നു മെത്രാന്‍ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നു.
പരിക്കേറ്റവരോടും മരിച്ചവരുടെ കുടുംബങ്ങളോടും ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ജനത്തിന്റെ ഐക്യത്തിനായി നമുക്ക് പ്രാര്‍ത്ഥനയില്‍ ഉറച്ചുനില്‍ക്കാമെന്നും സന്ദേശത്തില്‍ പറയുന്നു.
നമ്മുടെ ഹൃദയങ്ങളിലും സമൂഹത്തിലും സമാധാനത്തിനായുള്ള പ്രത്യാശയിലും തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും കൂടുതല്‍ തീവ്രമായി ജീവിക്കാന്‍ ദൈവജനത്തോട് ആഹ്വാനം ചെയ്യുന്നു.
പരസ്പര സഹായത്തിനു നമ്മുടെ കൈകള്‍ തുറന്നിരിക്കട്ടെ, എടുക്കുന്ന തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ നന്മയ്ക്കായിരിക്കട്ടെയെന്നും മെത്രാന്‍ സമിതി പ്രസ്താവനയില്‍ കുറിച്ചു.
സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന തെക്കന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേല വീണ്ടും കടുത്ത ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മെത്രാന്‍മാര്‍ നേരത്തെ രംഗത്ത് വന്നിരിന്നു.
പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്ത് തുടങ്ങിയ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി നിലവിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലത്തും തുടരുകയാണ്.
നാണ്യപ്പെരുപ്പവും, വിലകയറ്റവും, പട്ടിണിയും, തൊഴിലില്ലായ്മയും, കുറ്റകൃത്യങ്ങളും കാരണം നിരവധി പേരാണ് വെനിസ്വേല വിട്ട് വിദേശങ്ങളിലേക്ക് ചേക്കേറിയത്.