വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ നിരുത്തരവാദപരം. മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന അഭിപ്രായങ്ങൾ കേരളം തള്ളിക്കളയും: എം.സ്വരാജ്

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്.
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരവും ശ്രീനാരായണ ഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
മതനിരപേക്ഷ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി ഇന്ന് വീണ്ടും അത് ആവർത്തിക്കുകയായിരുന്നു.
മതപണ്ഡിതൻമാർ ഭരണത്തിൽ ഇടപെടുന്നു. സർക്കാർ എന്ത് ചെയ്താലും കാന്തപുരം ഉൾപ്പെടെയുള്ള മതനേതാക്കൾ ഇടപെടുന്നു.
സർക്കാർ നല്ലകാര്യം ചെയ്യുമ്പോഴും അത് തകർക്കുമെന്ന് മതനേതാക്കൾ വെല്ലുവിളിക്കുന്നു.
താൻ മുസ്‌ലിം സമുദായത്തിന് എതിരല്ല. സമുദായത്തെ ആക്ഷേപിച്ചുവെന്ന് വ്യാഖ്യാനമുണ്ടാക്കുകയാണ്. തന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.