വേളാങ്കണ്ണി പള്ളി തിരുന്നാള്‍. എറണാകുളം-വേളാങ്കണ്ണി-എറണാകുളം സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രതിവാര സര്‍വീസുകള്‍ ഉണ്ടാകും
കോട്ടയം: വേളാങ്കണ്ണി പള്ളി തിരുന്നാളിനു പോകുന്നവരുടെ തിരക്കു പരിഗണിച്ചു എറണാകുളം-വേളാങ്കണ്ണി-എറണാകുളം സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ എറണാകുളം ജങ്ഷനില്‍നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രതിവാര സര്‍വിസുകള്‍ ഉണ്ടാകും. ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളിലാണ് എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി സര്‍വിസ്. ആഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളിലാണ് മടക്കയാത്ര.
ആകെ 18 കോച്ചുകളാണ് ട്രെയിനുകളില്‍ ഉള്ളത്. ഇതില്‍ ഒരു സെക്കന്‍ഡ് ക്ലാസ് എ.സി കോച്ചും രണ്ട് തേര്‍ഡ് ക്ലാസ് എ.സി കോച്ചും 13 സ്ലീപ്പര്‍ കോച്ചും രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചും ട്രെയിനിൽ ഉണ്ടാകും.
ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ എറണാകുളം ജങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ (06061) പിറ്റേദിവസം പുലര്‍ച്ച 5:50ന് വേളാങ്കണ്ണി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊട്ടാരക്കര, ആവണിശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, കടയനല്ലൂര്‍, തെങ്കാശി ജങ്ഷന്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, വിരുതുനഗര്‍, അരുപ്പുക്കോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, അത്തങ്കുടി, പുതുക്കോട്ടൈ, അതിരാമപട്ടണം, തിരുത്തുറൈപ്പൂണ്ടി, തിരുവാരൂര്‍, നാഗപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ ട്രെയിനിനു സ്റ്റോപ്പ് ഉണ്ടാകും.
ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളിലാണ് വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്ക് മടക്കയാത്ര (06062). വേളാങ്കണ്ണിയില്‍നിന്ന് വൈകീട്ട് 6:40ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 11:50ന് എറണാകുളത്ത് എത്തും.