വാഹന മോഡിഫിക്കേഷന്‍; വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, കര്‍ശന പരിശോധന വേണമെന്ന് നിര്‍ദേശം,ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ അധികൃതര്‍ അതീവ ഗൗരവത്തോടെ പരിശോധിക്കണം
കൊച്ചി: വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ അധികൃതര്‍ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ഇക്കാര്യങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് പല കാര്യങ്ങളും നടക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളിലെ രൂപമാറ്റങ്ങളില്‍ കര്‍ശന പരിശോധനയും നടപടിയും വേണമെന്നും കോടതി വ്യക്തമാക്കി.
ജീപ്പുകളില്‍ വലിയ ടയറുകള്‍ ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള രൂപമാറ്റങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വിഷയവും കോടതി ചൂണ്ടിക്കാട്ടി. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലുണ്ടായ അപകടങ്ങള്‍ പരാമര്‍ശിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം.
വാഹനങ്ങളുടെ നിര്‍മാതാക്കള്‍ നിശ്ചയിച്ചിട്ടുള്ള സാങ്കേതിക സവിശേഷതകളില്‍ നിന്ന് വ്യത്യസ്തമായ മാറ്റങ്ങള്‍ റോഡ് സുരക്ഷയെ ബാധിക്കാമെന്ന നിലപാട് ഹൈക്കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.
അനധികൃത ലൈറ്റുകള്‍, വീല്‍ സ്‌പേസറുകള്‍, വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീതിയേറിയ ടയറുകള്‍ തുടങ്ങിയ രൂപമാറ്റങ്ങള്‍ക്കെതിരെയും ഹൈക്കോടതി നേരത്തെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇത്തരം മാറ്റങ്ങള്‍ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.