ആര്‍ത്താറ്റ് വാഹാനാപകടം; കാര്‍ ഡ്രൈവര്‍ പിടിയില്‍, ഒളിവില്‍ പോയ ഇയാളുടെ പേരില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

 
ben


തൃശ്ശൂര്‍: കുന്നംകുളം ആര്‍ത്താറ്റ് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ കീഴടങ്ങി. അപകടശേഷം ഒളിവില്‍ പോയിരുന്ന ബെന്‍ ആണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ബെന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ 36 മണിക്കൂറിന് ശേഷമാണ് ഇയാള്‍ കീഴടങ്ങിയത് എന്നതിനാല്‍ മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യലഹരിയിലാണ് വണ്ടി ഓടിച്ചതെന്ന് തെളിയിക്കുന്നതില്‍ പ്രായോഗികബുദ്ധിമുട്ടുകളുണ്ട്. 

കാറില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ടുപേരുടെ അറസ്റ്റ് മുമ്പ് രേഖപ്പെടുത്തുകയും ഇവെര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ബെന്നിനെയും കോടതിയില്‍ ഹാജരാക്കി മറ്റു നടപടികളിലേക്ക് കടക്കും.

ഒളിവില്‍ പോയ ഇയാളുടെ പേരില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇയാള്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളിലേക്കും പോലീസ് അറിയിപ്പ് നല്‍കിയിരുന്നു.

ആര്‍ത്താറ്റ് പള്ളിക്കുസമീപം കുറുക്കന്‍പാറ സെന്ററില്‍ കാര്‍ ബൈക്കില്‍ ഇടിച്ചാണ് മൂന്നുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചത്. എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍ (35), ഷിഫ്‌ന (24), മൂന്നുവയസ്സുള്ള മകന്‍ എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.40-നാണ് അപകടം ഉണ്ടായത്. അതിവേഗതയില്‍ എത്തിയ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം സമീപത്തെ വൈദ്യുതിക്കാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ദയ റോയല്‍ ആശുപത്രിയിലും മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മുനീറും ഷിഫ്‌നയും മരിച്ചിരുന്നു ചികിത്സയിലിരിക്കെയാണ് എമില്‍ ഐബക്ക് മരിച്ചത്. അപകടത്തില്‍ കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു.

വിവാഹത്തലേന്നത്തെ ആഘോഷങ്ങളില്‍ നിന്നും സന്തോഷങ്ങളില്‍നിന്നും മുനീറും കുടുംബവും യാത്രപറഞ്ഞിറങ്ങി മിനിറ്റുകള്‍ക്കകം ഇടിത്തീ പോലെ ആ ദുരന്തവാര്‍ത്തയെത്തി. പൊട്ടിച്ചിരികള്‍ നിറഞ്ഞ കല്യാണവീട്ടില്‍നിന്ന് കരച്ചിലുയര്‍ന്നു. കുന്നംകുളം അര്‍ത്താറ്റ് ശനിയാഴ്ച അര്‍ധരാത്രിയോടെ കാര്‍ ബൈക്കിലിടിച്ച് മരിച്ച മുനീറും ഭാര്യ ഷിഫ്‌നയും മൂന്നുവയസ്സുകാരന്‍ മകന്‍ എമില്‍ ഐബക്കും മാതൃസഹോദരിയുടെ മകളുടെ വിവാഹാഘോഷം പൂര്‍ത്തിയാകും മുന്‍പേയാണ് എന്നെന്നേക്കുമായി വിടപറഞ്ഞത്.
മുനീറിന്റെ മാതൃസഹോദരി ഫാത്തിമയുടെ മകള്‍ അല്‍ഫിയയുടെ കല്യാണത്തലേന്നത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് അപകടം. വിവാഹത്തലേന്നത്തെ ചടങ്ങിനായാണ് മുനീറും കുടുംബവും ചൊവ്വനൂരിലെ വീട്ടിലെത്തിയത്. ഇവിടെനിന്ന് എടക്കഴിയൂരിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് കുന്നംകുളത്ത് അര്‍ത്താറ്റിനടുത്തുവെച്ച് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. ഹാലിലെ ചടങ്ങിനിടെ പകര്‍ത്തിയ ഇവരുടെ അവസാനചിത്രം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരക്കാഴ്ചയായി. വധുവിനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് പുറമേ തങ്ങള്‍ മൂന്നുപേരും മാത്രമുള്ള ചിത്രവും ഫോട്ടോഗ്രാഫറോട് പറഞ്ഞ് പ്രത്യേകം ഇവര്‍ എടുപ്പിച്ചിരുന്നു. ആ ചിത്രം അവരുടെ അവസാന ചിത്രമായി മാറുമെന്ന് കരുതിയില്ലെന്ന് ചടങ്ങിന്റെ ഫോട്ടോ പകര്‍ത്തിയ മാജിദ് വേദനയോടെ പറഞ്ഞു.
മുനീറിന്റെയും കുടുംബത്തിന്റെയും വിയോഗത്തെ തുടര്‍ന്ന് ഞായറാഴ്ച ചൊവ്വനൂര്‍ അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ രീതിയില്‍ നടത്താനിരുന്ന വിവാഹസത്കാരങ്ങളും ആഘോഷങ്ങളും ഉപേക്ഷിച്ചു. തുടര്‍ന്ന് പന്നിത്തടം ജുമാ മസ്ജിദില്‍ അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ ചടങ്ങുമാത്രമാക്കി വിവാഹം നടത്തി.

Tags

Share this story

From Around the Web