യമുനാ നദീതടങ്ങളില്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ കാന്‍സര്‍ സാധ്യത കൂട്ടും, മുന്നറിയിപ്പുമായി ഗവേഷകര്‍
ഡല്‍ഹിയിലെ യമുനാ നദീതടങ്ങളില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന ആശങ്ക പങ്കുവെച്ച് പഠനം.
ഇവിടെ കൃഷിചെയ്യുന്ന പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് ഉപഭോക്താക്കളില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് പഠനം കണ്ടെത്തിയത്. 'എനര്‍ജി നെക്‌സസ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം പ്രൊഫസറായ ദീനബന്ധു സാഹുവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത യമുനാജലം ഉപയോഗിച്ച് കൃഷിചെയ്യുന്ന പച്ചക്കറികളാണ് അപകടകാരണമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. യമുനാ നദിയിലെ മലിനീകരണത്തിന്റെ ഏകദേശം 70-80 ശതമാനവും ഡല്‍ഹിയില്‍ നിന്നാണെന്നും പല കര്‍ഷകരും ജലസേചനത്തിനായി ഈ മലിനജലത്തെയാണ് ആശ്രയിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഅഛ) നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പരിധിക്കപ്പുറം നിക്കല്‍, ക്രോമിയം, കാഡ്മിയം, ലെഡ് തുടങ്ങിയ വിഷാംശമുള്ള ലോഹങ്ങള്‍ പച്ചക്കറികളില്‍ അടിഞ്ഞുകൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ചീരയിലും ഉള്ളിയിലും അനുവദനീയമായ അളവിനേക്കാള്‍ 97 ഉം 65 ഉം മടങ്ങ് അധികം നിക്കലിന്റെ സാന്നിധ്യം കണ്ടെത്തി. കടുകില്‍ ക്രോമിയത്തിന്റെ അളവ് 22 മടങ്ങ് കൂടുതലായിരുന്നു. ഉരുളക്കിഴങ്ങിലും സവാളയിലും ലെഡിന്റെ അളവ് 10 മടങ്ങും ചീരയില്‍ 7 മടങ്ങും അധികമാണെന്ന് കണ്ടെത്തി.
ഏഴ് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന യമുനയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ പഠനത്തിനായി ഉള്‍പ്പെടുത്തിയത്. എങ്കിലും മലിനമായ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന രാജ്യത്തെ മറ്റ് ഭാഗങ്ങളിലും സമാനമായ മലിനീകരണത്തിന് സാധ്യതയുണ്ടെന്നാണ് ഈ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്.
ഇത്തരം പച്ചക്കറികള്‍ സ്ഥിരമായി കഴിക്കുന്നത് വിഷാംശമുള്ള ലോഹങ്ങള്‍ ശരീരത്തില്‍ എത്താന്‍ ഇടയാക്കുമെന്ന് ദീനബന്ധു സാഹു പറഞ്ഞു.
ചീര, കടുക് തുടങ്ങിയ ഇലക്കറികള്‍, റാഡിഷ്, ഉരുളക്കിഴക്ക് തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങള്‍, കോളിഫ്‌ലവര്‍ തുടങ്ങി സാധാരണയായി ആളുകള്‍ കഴിക്കുന്ന പച്ചക്കറികളിലെല്ലാം വിഷാംശമുള്ള ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
മണ്ണിന്റെയും വിളകളുടെയും പതിവ് പരിശോധന, കര്‍ശനമായ മലിനീകരണ നിയന്ത്രണം, ഘനലോഹങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രം ആഗിരണം ചെയ്യുന്ന വിളകളുടെ കൃഷി എന്നിവ നടപ്പിലാക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നുണ്ട്.