നൂറ് ദിവസങ്ങളിലെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ? മുഖ്യമന്ത്രിയെ കടത്തിവെട്ടി രാജ്യത്തെ മികച്ച വകുപ്പ് മന്ത്രിയായി മാറിയതാര് ? സത്യം ഓണ്‍ലൈനുവേണ്ടി തയ്യാറാക്കിയ നിഷ്പക്ഷ വിലയിരുത്തല്‍
തിരുവനന്തപുരം: നൂറ്റിരണ്ട് സീറ്റിൻെറ തിളക്കമാർന്ന വിജയവുമായി വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റിട്ട് നൂറ് ദിവസം തികയുമ്പോള്‍ മന്ത്രിമാരുടെ പ്രവർത്തനം പൂർണതോതിലേക്ക് എത്തിയെന്ന് പറയാനാകില്ലെങ്കിലും തുടക്കത്തിലൊരു വിലയിരുത്തലിനുള്ള സമയമായി.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ വിലയിരുത്തലിനായി സത്യം ഓണ്‍ലൈന്‍ നിയോഗിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും 10 പേരടങ്ങുന്ന പാനല്‍ തെരെഞ്ഞെടുത്ത മന്ത്രിമാരുടെ റാങ്കിങ് പ്രസിദ്ധീകരിക്കുകയാണ്.
നിഷ്പക്ഷ വിലയിരുത്തല്‍ അനിവാര്യമായതിനാല്‍ പാനലില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ പുറത്തുവരുന്നത് അവര്‍ക്ക് സ്വതന്ത്രമായി വിലയിരുത്തല്‍ നടത്താന്‍ തടസവും വ്യക്തി ബന്ധങ്ങളെ ബാധിക്കുന്നതുമാണെന്നതിനാല്‍ പേരുകള്‍ ഒഴിവാക്കുകയാണ്.
ആശ്വസിക്കാം, ശരാശരിക്ക് മുകളില്‍
മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരിൽ വളരെക്കുറിച്ച് പേർ മാത്രമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് എന്നതാണ് വസ്തുത. ആദ്യ മാസത്തിൽ ഭരണരംഗത്തെ പരിചയക്കുറവും പഴ്സണൽ സ്റ്റാഫ് നിയമനത്തിൽ നേരിട്ട കാലതാമസവും 10 വര്‍ഷം എതിര്‍ മുന്നണി കൈയ്യടക്കിയ ഭരണ സംവിധാനത്തിന്‍റെ പൊളിച്ചെഴുത്ത് അടക്കം നിരവധി പ്രതികൂല ഘടകങ്ങൾ ഉണ്ടായിരുന്നെങ്കിലും ഭരണം നൂറ് ദിവസം പിന്നിടുമ്പോൾ അതൊന്നും ഒരു ന്യായീകരണമാകുന്നില്ല.
എങ്കിലും പകുതിയിലേറെ മന്ത്രിമാരും ശരാശരിക്ക് മുകളില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു എന്നതാണ് ആശ്വാസം. അതേസമയം പ്രതീക്ഷയ്ക്ക് വിപരീതമായി രണ്ടും മൂന്നും തവണ മന്ത്രിമാരായവര്‍ മികച്ച മന്ത്രിമാരുടെ ലിസ്റ്റില്‍ ഇടംപിടിക്കാതെ ശാരാശരിയിലേയ്ക്ക് താഴ്ന്നതാണ് അവലോകനത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത.
രാജ്യത്ത് ഒന്നാമനായി ഒരു മന്ത്രി
വിഡി സതീശൻ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരുടെയും പ്രവര്‍ത്തനം അവലോകനം ചെയ്യുമ്പോള്‍ അവരിലൊരാള്‍ രാജ്യത്തെതന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന മന്ത്രിമാരില്‍ ഒന്നാമനെന്ന പേരിന് അര്‍ഹനാകുന്നു എന്നതാണ് വിഡിഎസ് സര്‍ക്കാരിന്‍റെ 100 ദിവസത്തെ ഏറ്റവും മികച്ച നേട്ടം.

ആഭ്യന്തരമന്ത്രി എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ 50 ദിവസം തികയ്ക്കും മുന്‍പേ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നതായി മാറിയത്. സർക്കാരിൻെറ ലഹരിവിരുദ്ധ പരിപാടിയായ 'ഓപ്പറേഷൻ തൂഫാൻ' വൻവിജയമായെന്ന് മാത്രമല്ല അത് അയല്‍സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും പോലും മാതൃകയാക്കാന്‍ പോകുന്നു എന്നതാണ് അതിശയിപ്പിക്കുന്ന നേട്ടങ്ങളാകുന്നത്.
രാജ്യത്തുതന്നെ മുന്‍പൊരു മന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത വിധം ചരിത്ര നേട്ടത്തിലാണ് കഴിഞ്ഞ 100 ദിവസത്തെ മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനം ചെന്നിത്തലയെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ലഹരിക്കെതിരെ അദ്ദേഹം പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ തുഫാനി'ല്‍ 100 ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരം പേരാണ് അറസ്റ്റിലായത്. തുഫാനില്‍ യാതൊരു രാഷ്ട്രീയവും കലര്‍ത്തില്ലെന്നും മക്കളാണെങ്കില്‍ പോലും ശുപാര്‍ശ പരിഗണിക്കില്ലെന്നും പ്രഖ്യാപിച്ച രമേശ് ചെന്നിത്തല അത് അക്ഷരം പ്രതി പാലിച്ചുവെന്നതിന്റെ തെളിവാണ് അറസ്റ്റിലായവരുടെ വിവരങ്ങള്‍.
പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹികള്‍ മുതല്‍ സ്വന്തം പാര്‍ട്ടിയുടെ 'കൊള്ളാവുന്ന' നേതാക്കള്‍ വരെ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരായി മാറിയവരോടുപോലും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും യാതൊരു ദാക്ഷണ്യത്തിനും തയാറായില്ലെന്നത് തുഫാന്‍റെ വിശ്വാസ്യതയുടെ തിളക്കമായി മാറി.
ലഹരി മാഫിയക്ക് മുന്നറിയിപ്പും താക്കീതുമായി തൂഫാൻ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ നാടിനെ മയക്കുമരുന്നിൻെറ പിടിയിൽ നിന്ന് മോചിപ്പിക്കാൻ ഇച്ഛാശക്തിയുളള ഒരു മന്ത്രിക്ക് കഴിയുമെന്ന് തെളിയിക്കപ്പെടുകകൂടി ആയിരുന്നു.
പദ്ധതി ആരംഭിച്ചതിനു ശേഷം 9,280-ൽ പരം കേസുകൾ രജിസ്റ്റർ ചെയ്യുകയും, 10,015-ൽ അധികം ആളുകൾ അറസ്റ്റിലാവുകയും ചെയ്തു. 1,000 കിലോയിലധികം കഞ്ചാവും, 8 കിലോയിലധികം എംഡിഎംഎ-യും പിടിച്ചെടുത്തു.
9,000-ത്തിലധികം ബോധവൽക്കരണ ക്ലാസുകളും സ്‌കൂൾ/കോളേജ് സംരക്ഷണ സമിതികൾ വഴി അയ്യായിരത്തിലധികം പരിപാടികളും സംഘടിപ്പിച്ചു. 100 ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയിൽ സബ് ഇൻസ്പെക്ടർമാരെ തിരിച്ചെത്തിച്ചതും 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതി വഴി പോലീസ് സ്റ്റേഷനുകളുടെ മുഖശ്ചായയും പ്രതിശ്ചായയും മാറ്റി മറിച്ചതും ചെന്നിത്തലയുടെ 100 ദിന നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
ഇതുകൊണ്ടു തന്നെ മികച്ച നിലയില്‍ തിളങ്ങിയൊരു മുഖ്യമന്ത്രിയേയും കടത്തിവെട്ടിക്കൊണ്ട് മന്ത്രിസഭയിലെ മന്ത്രിമാരിൽ ഒന്നാം റാങ്കുകാരനായി രമേശ് ചെന്നിത്തല മാറിയത് ഐക്യകണ്ടേനയാണ് .
തിളങ്ങിയത് മുഖ്യമന്ത്രി
മുഖ്യമന്ത്രി മോശം പ്രകടനമായതുകൊണ്ടല്ല ആഭ്യന്തര മന്ത്രി സര്‍ക്കാരില്‍ ഒന്നാമനായത്. ആഭ്യന്തര മന്ത്രി അതുക്കുംമേലെ ദേശീയ നിലവാരത്തില്‍ ശ്രദ്ധേയനായി മാറിയതിനാലാണ് മുഖ്യമന്ത്രി പ്രവര്‍ത്തന മികവില്‍ രണ്ടാമനായത്.

ധനകാര്യം ഉൾപ്പെടെയുള്ള തന്ത്രപ്രധാന വകുപ്പുകൾ നേരിട്ട് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഡി സതീശൻ ഭരണനടപടികൾ ലഘൂകരിക്കാൻ നടത്തിയ ഇടപെടലുകളുടെ പേരിലാണ് രണ്ടാം റാങ്കിലേക്ക് കുതിച്ചെത്തിയത്.
സംസ്ഥാനത്തെ വ്യവസായ സൌഹൃദമാക്കുന്നതിനായി 22 നിയമങ്ങൾ ഒന്നിച്ച് ചേർത്ത് ഒറ്റ നിയമം കൊണ്ടുവരാനുളള നടപടികൾ രാജ്യം തന്നെ ശ്രദ്ധിക്കുന്ന ചുവട് വെയ്പായി മാറാൻ പോകുകയാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കം വീണ്ടെടുക്കാനും അടിസ്ഥാന സൗകര്യ വികസനത്തിന് കൃത്യമായ രൂപരേഖ തയ്യാറാക്കാനും കഴിഞ്ഞു. സുതാര്യമായ ഭരണശൈലിയും ദ്രുതഗതയിലുള്ള തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മികവുള്ളതാക്കുന്നു.
സംസ്ഥാനത്ത് നിന്നുളള നികുതി പിരിവ് ഊർജിതമാക്കിക്കൊണ്ട് ജി.എസ്.ടി വരുമാനം ഉയർത്താനുളള ശ്രമങ്ങളും മുഖ്യമന്ത്രിയുടെ ഭരണമികവിനെ അടയാളപ്പെടുത്തുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ അധികാരം എറ്റിട്ടും സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം, ഓണക്കാലത്തെ ബോണസ് വിതരണം, കര്‍ഷകര്‍ക്കുള്ള കുടിശിഖ വിതരണം ഉള്‍പ്പെടെയുള്ള ഇക്കാലയളവിലെ ഒട്ടുമിക്ക സാമ്പത്തിക ഉത്തരവാദിത്വങ്ങളും മുടക്കമില്ലാതെ വിതരണം ചെയ്യാന്‍ കഴിഞ്ഞത് സാമ്പത്തിക വിദക്ദന്‍കൂടിയായ മുഖ്യമന്ത്രി വിഡി സതീശന്‍റെ മികവാണ്.
രാജ്യത്തെ തന്നെ ശ്രദ്ധേയരും ജനപ്രിയരുമായ മുഖ്യമന്ത്രിമാരുടെ മുന്‍ നിരയിലേക്ക് ഇതിനോടകം വിഡി സതീശനും എത്തികഴിഞ്ഞതും നേട്ടമാണ്. പ്രസംഗങ്ങളും മാധ്യമങ്ങളോട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിലെ ക്ലാരിറ്റിയും മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ആണ്.
തിളക്കം റോജിക്കും
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനാണ് മന്ത്രിമാരിൽ മൂന്നാം റാങ്ക്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കാരം ലക്ഷ്യമിട്ട് ആവിഷ്കരിക്കുന്ന പരിപാടികളും ഇടപെടലുകളുമാണ് റോജി എം ജോണിനെ മികച്ച മന്ത്രിമാരിൽ മൂന്നാമനാക്കുന്നത്.

സർവ്വകലാശാലാ ഭരണത്തിൽ രാഷ്ട്രീയ രഹിതവും പ്രൊഫഷണലുമായ മാറ്റങ്ങൾ കൊണ്ടുവന്നു. പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ കർശന നിർദ്ദേശം നൽകി.
വിസിമാർ രാഷ്ട്രീയം വ്യക്തമാക്കുന്ന പ്രസ്താവനകളിൽ നിന്നും വിട്ടുനിന്ന് സർവ്വകലാശാലകളുടെ അക്കാദമിക് മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, വിദ്യാർത്ഥി പ്രതിഷേധങ്ങളോട് ജനാധിപത്യപരമായി സംവാദത്തിലേർപ്പെടണമെന്നും കർശന നിലപാടെടുത്തു.
വകുപ്പിന്റെ ചുമതലയ്ക്ക് പുറമേ, കിഴക്കമ്പലത്തെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട 60 വർഷത്തോളം പഴക്കമുള്ള സങ്കീർണ്ണമായ തർക്കങ്ങളിൽ നേരിട്ട് ഇടപെട്ട് സമവായ ചർച്ചകൾക്ക് നേതൃത്വം നൽകുകയും പ്രശ്നപരിഹാരത്തിലേക്ക് എത്തിക്കുകയും ചെയ്തു.
100 ദിനങ്ങള്‍ മാത്രമായ മന്ത്രിസഭയുടെ മന്ത്രിമാരെ കൂടുതല്‍ വിശകലനങ്ങള്‍ക്ക് വിട്ടു നല്‍കുന്നതില്‍ അഭംഗി ഉള്ളതിനാല്‍ റാങ്ക് അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ 3 വരെ റാങ്കില്‍ അവസാനിപ്പിക്കാനാണ് സമിതിയുടെ ശുപാര്‍ശ.
അടുത്ത ഘട്ടം ശരാശരിക്ക് മുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മന്ത്രിമാരാണ്. മറ്റുള്ളവര്‍ക്ക് മികവ് തെളിയിക്കാന്‍ അവസരങ്ങള്‍ ധാരാളം ഉള്ളതിനാല്‍ അവരെ മോശക്കാരായി മാറ്റുന്ന വിധമുള്ള അവലോകനത്തിനും മുതിരുന്നില്ല.
മികച്ച മറ്റ് 3 മന്ത്രിമാര്‍ ഇവര്‍
എക്സൈസ് -സഹകരണ മന്ത്രി എം ലിജുവാണ് വിഡി സതീശൻ മന്ത്രിസഭയിലെ മികച്ച മന്ത്രിമാരിൽ മറ്റൊരാള്‍. എക്സൈസ് - സഹകരണ വകുപ്പുകളിൽ നടത്തിയ പുതിയ നടപടികൾക്ക് അപ്പുറം രാഷ്ട്രീയ - ഭരണ വിഷയങ്ങളിൽ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളാണ് ആദ്യമായി മന്ത്രിയും എംഎൽഎയുമാകുന്ന എം ലിജുവിനെ മികച്ചതാക്കുന്നത്.

എത്ര തടഞ്ഞാലും പഴതുകൾ കണ്ടെത്തി അഴിമതി നടക്കുന്ന എക്സൈസ് വകുപ്പിലെ മുകൾത്തട്ട് മുതൽ താഴെതട്ട് വരെയുളള ഉദ്യോഗസ്ഥർക്ക് കർശന നടപടി മുന്നറിയിപ്പ് നൽകി അഴിമതി വീരന്മാര്‍ അധികമുള്ള വകുപ്പിനെ ഇതിനോടകംതന്നെ തന്‍റെ ചൊല്‍പടിക്കാക്കി.
അഴിമതിയും തോന്യാസവും കാണിച്ചാല്‍ എത്ര ഉന്നതരായാലും രാഷ്ട്രീയത്തിൻെറ പേരിൽ ഒരു സംരക്ഷണവും കിട്ടില്ലെന്ന് വ്യക്തമാക്കിയ ലിജു അത്തരക്കാരെ കൈയ്യോടെ പൊക്കി നിലക്ക് നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. വ്യാജ മദ്യവും ലഹരി ഉപയോഗവും കണ്ടെത്താന്‍ നടപ്പിലാക്കിയ 'ഓപ്പറേഷന്‍ തണ്ടര്‍' ഇതിനോടകം വന്‍ വിജയമാണ്.
മുൻകാലങ്ങളിൽ സാമ്പത്തിക തട്ടിപ്പുകളും പ്രതിസന്ധികളും മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുളള നടപടികളും എം.ലിജുവിൻെറ നേട്ടമാണ്.
സഹകരണ ബാങ്കുകളിൽ നിക്ഷേപകരുടെ വിശ്വാസ്യത പൂർണ്ണമായും വീണ്ടെടുക്കുന്നതിനായി 'വിശ്വാസ്' പദ്ധതി പ്രഖ്യാപിച്ചു. പ്രതിസന്ധിയിലായ 400-ലധികം സഹകരണ സംഘങ്ങളുടെ ധനസ്ഥിതി വിലയിരുത്തി നിക്ഷേപകർക്ക് പണം കൃത്യമായി തിരികെ നൽകാൻ പ്രത്യേക പാക്കേജ് തയ്യാറാക്കി.
പ്രതിപക്ഷത്തിരിക്കുമ്പോൾ ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ മന്ത്രിസഭാ ഉപസമിതിയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതും ലിജുവിനെ ശ്രദ്ധേയനാക്കുന്നു.
'വന്യമായ' ഇടപെടലിലൂടെ ശ്രദ്ധേയനായി ഷിബു ബേബി ജോണ്‍
ഘടകകക്ഷി നേതാക്കളില്‍ ഏറ്റവും മികച്ച മന്ത്രി ആരെന്ന് ചോദിച്ചാല്‍ ഉത്തരം വ്യക്തം - ഷിബു ബേബി ജോണ്‍. കഴിഞ്ഞ 10 വര്‍ഷങ്ങളായി കാര്യമായ ചലനങ്ങള്‍ ഇല്ലാതെ കിടന്ന വനം - വന്യജീവി വകുപ്പില്‍ 100 ദിവസങ്ങള്‍ കൊണ്ട് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഷിബുവിന് കഴിഞ്ഞു.

എളുപ്പത്തിൽ പരിഹാരം കാണാൻ കഴിയാത്ത പ്രശ്നത്തോട് സ്വീകരിക്കുന്ന ക്രിയാത്മക സമീപനമാണ് ഷിബു ബേബി ജോണിനെ ഇതര മന്ത്രിമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
മലയോര മേഖലകളിലെ വന്യജീവി അക്രമങ്ങൾ തടയുന്നതിന് ജനകീയ പ്രതിരോധ പദ്ധതികൾ ആവിഷ്കരിച്ചു. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയതാണ് ഷിബു ബേബിജോണിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
വനം വകുപ്പിന്റെ ചുമതലയേറ്റയുടൻ മലയോര മേഖലകളിലെ വന്യജീവി ഭീഷണി തടയാൻ സമഗ്രമായ നൂറ് ദിന ആക്ഷൻ പ്ളാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാതെയുള്ള തദ്ദേശ സ്വയംഭരണ അദാലത്തുകൾ ശക്തമാക്കുകയും ഷൂട്ടർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുകയും ചെയ്തതും വനം വകുപ്പിൻെറ നേട്ടമാണ്.
വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവർക്കും കർഷകർക്കും 7 ദിവസത്തിനകം നഷ്ടപരിഹാരം ഉറപ്പാക്കാൻ സിംഗിൾ വിൻഡോ സംവിധാനം നടപ്പിലാക്കുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ആശ്വാസധനം 50% വർദ്ധിപ്പിച്ചതും മന്ത്രിയുടെ ഇടപെടലിനെ അടയാളപ്പെടുത്തുന്നതാണ്.
കൃഷിയില്‍ തിളങ്ങി സിദ്ദിഖ്
ശരാശരിക്ക് മുകളിൽ പ്രവർത്തനം നടത്തുന്ന മന്ത്രിമാരിൽ നിശ്ചയമായും ഇടമുളള മന്ത്രിയാണ് ടി സിദ്ദിഖ്. കൃഷി മന്ത്രി എന്ന നിലയിലുളള ഉത്തരവാദിത്തം നിറവേറ്റുന്നതിനായി കഠിനാധ്വാനം ചെയ്യുന്നയാളാണ് ടി സിദ്ദിഖ്.

യുവാക്കളെ കാർഷിക സംരംഭങ്ങളിലേക്ക് ആകർഷിക്കുന്നതിനായി അഗ്രി-സ്റ്റാർട്ടപ്പ് ധനസഹായ പദ്ധതികളും തോട്ടം മേഖലയിലെ ആധുനിക വൽക്കരണ പദ്ധതികളും ആവിഷ്കരിച്ചതാണ് സിദ്ദിഖിൻെറ ഏറ്റവും വലിയ ഇടപെടൽ.
കൃഷിവകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി അഗ്രി ബിസിനസ്, അഗ്രി സ്റ്റാർട്ടപ്പ്, അഗ്രി ടൂറിസം എന്നിവ കേന്ദ്രീകരിച്ച് പുതിയ ഡിവിഷനുകൾക്ക് തുടക്കം കുറിക്കാനും 100 ദിവസത്തെ ഭരണ കാലത്തിനിടയിൽ സിദ്ദിഖിന് കഴിഞ്ഞു.
കർഷക കൂട്ടായ്മകൾ വഴി പ്രാദേശിക വിപണനം ശക്തിപ്പെടുത്തുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനുമുള്ള പുതിയ വിപണന ശൃംഖലകൾ വ്യാപിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും മൂലം വിളനാശം സംഭവിച്ച കർഷകർക്ക് കാലതാമസമില്ലാതെ അടിയന്തര നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുളള നടപടികളും കൃഷിവകുപ്പ് കൈക്കൊണ്ടു.
കര്‍ഷകരുടെ പുതിയ തലമുറയെ കൃഷിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനായി സ്കൂളുകളില്‍ സിലബസ് മാറ്റവും കാര്‍ഷിക ക്ലബുകളും നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് കായിക മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കും എന്‍സിസിക്കും എന്നപോലെ ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു . ഇത് നടപ്പിലായാല്‍ കൃഷി ചെയ്യുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക് നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.
കുഞ്ഞാലികുട്ടിക്കും അനില്‍കുമാറിനും എന്തുപറ്റി ?
മുസ്ളീം ലീഗ് മന്ത്രിമാരിൽ ആരും തന്നെ മികച്ച മന്ത്രിമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീഗ് മന്ത്രിമാരിൽ പി.കെ.കുഞ്ഞാലിക്കുട്ടി ഒഴികെ എല്ലാവരും ഭരണരംഗത്ത് പുതുമുഖങ്ങളാണ്.

പുതിയ വ്യവസായ നയത്തിന് തുടക്കം കുറിക്കുകയും, സ്റ്റാർട്ടപ്പുകൾക്കും എഐ മേഖലക്കും വലിയ പ്രോത്സാഹനം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും ശരാശരിക്കും മേലേക്ക് ഉയർന്ന് പ്രവർത്തിക്കാൻ പരിചയസമ്പന്നനായിട്ടും പികെ കുഞ്ഞാലിക്കുട്ടിക്ക് കഴിയുന്നില്ലെന്നതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്.
ലീഗ് മന്ത്രിമാരിൽ പ്രതീക്ഷ ഉയർത്തുന്നത് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ്. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുകയും ലഹരിവിരുദ്ധ ബോധവൽക്കരണം സ്കൂളുകളിൽ ശക്തമാക്കാനും ഷംസുദ്ദീന് കഴിഞ്ഞിട്ടുണ്ട്.

പ്രതിപക്ഷം ആയിരിക്കെ ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതിയിൽ കൈക്കൊളളുന്ന തീരുമാനമായിരിക്കും മന്ത്രിയെന്ന നിലയിൽ എൻ ഷംസുദ്ദീൻെറ മാറ്റുരയ്ക്കാൻ പോകുന്നത്.
സിപി ജോണും മുരളീധരനും വിഷ്ണുനാഥും
ഘടകകക്ഷി മന്ത്രിമാരില്‍ ഷംസുദീന്‍ കഴിഞ്ഞാല്‍ മികച്ച മന്ത്രി ഗതാഗത മന്ത്രി സിപി ജോണ്‍ ആണ്. കോൺഗ്രസ് മന്ത്രിമാരിൽ കെ.മുരളീധരനും പിസി വിഷ്ണുനാഥും സാമാന്യം മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

മെഡിക്കൽ കോളേജുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം ഏകോപിപ്പിച്ചു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിലും മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിലും മികവ് കാണിച്ചതാണ് മുരളീധരൻെറ നേട്ടം. എന്നാൽ നിയന്ത്രണമില്ലാത്ത നാവാണ് മുരളീധരൻെറ ദോഷം.

ഉത്തരവാദിത്ത ടൂറിസം പദ്ധതികൾക്കും പ്രാദേശിക ഡെസ്റ്റിനേഷൻ വികസനത്തിനും മുൻഗണന നൽകി പിസി വിഷ്ണുനാഥ് പ്രൊഫഷണൽ രീതിയിൽ വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ട്.
പോകുന്ന ചടങ്ങിലെല്ലാം പാട്ട് പാടാൻ നില്‍ക്കുന്നതാണ് വിഷ്ണുനാഥിൻെറ പ്രശ്നം. സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നിൽപോലും പുതിയ നിയമനങ്ങൾ നടത്താൻ വിഷ്ണുനാഥിന് കഴിഞ്ഞിട്ടില്ല. മുന്നണി തീരുമാനം ഉണ്ടാകണമെന്നതിനാല്‍ അതിനു മന്ത്രിയെ മാത്രം കുറ്റം പറയാനും കഴിയില്ല.

മന്ത്രിമാരിൽ മുന്‍പ് രണ്ടു തവണ മന്ത്രിയായിരുന്ന റവന്യു മന്ത്രി എ.പി.അനിൽകുമാറിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് ഏറ്റവും വിമര്‍ശനം ഉയരുന്നത്. ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ മന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷയാണുള്ളത്.
സംസ്ഥാനം മഴക്കെടുതി നേരിട്ടപ്പോൾ സംഭവിച്ച പരാജയങ്ങൾ അനിൽകുമാറിൻെറ 'ഭരണ മികവിൻെറ' ചെമ്പ് പുറത്തുവരാൻ കാരണമായി. മൂന്നാം തവണ മന്ത്രിയായ ഒരാളിൽ നിന്നാണ് ഇത്രയും വീഴ്ചകള്‍ സംഭവിക്കുന്നത് എന്നതാണ് ആശ്ചര്യകരം.

ആദ്യ മൂന്ന് മാസത്തെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെങ്കിലും, സാമ്പത്തിക പ്രതിസന്ധി മറികടക്കലും പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണവുമാകും വരും ദിവസങ്ങളിൽ സർക്കാരിന്റെ പ്രധാന പരീക്ഷണം.