രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതിനെക്കുറിച്ച് വി.ഡി. സതീശന്‍ മിണ്ടാത്തത് പേടികൊണ്ട്; കോണ്‍ഗ്രസ് തര്‍ക്കത്തിലും എല്‍പിഎസ്ടി സമരത്തിലും ആഞ്ഞടിച്ച് എം.വി. ഗോവിന്ദന്‍

 
M v govindan

തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. കേസിലെ പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാന്‍ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


ഇക്കാര്യങ്ങളെല്ലാം മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും, വിധിയില്‍ ധനരാജിന്റെ കുടുംബത്തിന് അതൃപ്തിയുണ്ടെന്നും പാര്‍ട്ടിക്കുള്ളില്‍ യാതൊരുവിധ പോരുമില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ എല്‍പിഎസ്ടി പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന്‍, അധികാരത്തിലേറിയ ശേഷം സമരപ്പന്തല്‍ തകര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും, പുതിയ തസ്തികകള്‍ സൃഷ്ടിച്ചുപോലും ഇടതുസര്‍ക്കാര്‍ നിയമനം നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. 

കാലടി സര്‍വകലാശാലയില്‍ വി.സിയെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചെന്ന നുണ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.


ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനും കെ.സി. വേണുഗോപാലിനും എതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ വി.ഡി. സതീശന്‍ വിഭാഗമാണെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍ ആരോപിച്ചു. 

സൈബര്‍ ആക്രമണങ്ങളുടെ ഗുണഭോക്താവ് സതീശന്‍ തന്നെയാണെന്നും, പിന്നില്‍ നിന്ന് കുത്തിയ കഥകള്‍ പുറത്തുവരുമെന്ന ഭയത്താലാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശങ്ങളില്‍ അദ്ദേഹം പ്രതികരിക്കാത്തതെന്നും ഗോവിന്ദന്‍ പറഞ്ഞു. 

കൂട്ടുത്തരവാദിത്തമില്ലാത്ത മന്ത്രിസഭയാണ് കേരളത്തിലുള്ളതെന്നും, മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങളും കണ്ണൂര്‍ ഡിസിസിയുടെ പോസ്റ്റുകളും വരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web