വന്ദേമാതരം ആലപിച്ചില്ല, വി ഡി സതീശൻ ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോൺ ജോർജ്
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്ത സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് രംഗത്ത്. മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കുറച്ചുകാലമായി ജമാഅത്തെ ഇസ്ലാമിയുമായും ഇന്ത്യ വിരുദ്ധ സഖ്യങ്ങളുമായും അവിശുദ്ധ കൂട്ടുകെട്ടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും ഷോൺ കുറ്റപ്പെടുത്തി.
വന്ദേമാതരം പാടുമോ എന്ന ചോദ്യത്തിന് ഓഗസ്റ്റ് 15-ന് കാര്യങ്ങൾ അറിയാമെന്ന് മുഖ്യമന്ത്രി മുമ്പ് പറഞ്ഞിരുന്നു. എന്നാൽ പാണക്കാട് പോയി അനുമതി വാങ്ങിയെങ്കിലും വന്ദേമാതരം പാടുമെന്നാണ് കരുതിയതെന്നും എന്നാൽ അതുണ്ടായില്ലെന്നും ഷോൺ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് വന്ദേമാതരം പാടേണ്ടതില്ല എന്ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയൊരു ഉത്തരവ് ഒരു ഉദ്യോഗസ്ഥൻ ഇറക്കിയിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥന് ആ ജോലി കാണില്ലെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
രാജ്യത്ത് വന്ദേമാതരത്തെ അപമാനിക്കുന്ന നിലപാട് ആര് സ്വീകരിച്ചാലും ബി.ജെ.പി എതിർക്കുമെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് മുസ്ലിം ലീഗാണെന്നും, മുസ്ലിം ലീഗിന്റെ അജണ്ടയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വഴിയിലൂടെ മുസ്ലിം ലീഗ് നടത്തുന്ന തിട്ടൂരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.