രജിസ്ട്രാറെ പൂട്ടാന്‍ പുതിയ നീക്കവുമായി വിസി; കെ എസ് അനില്‍ കുമാറിന്റെ ശമ്പളം തടഞ്ഞ് ഉത്തരവ്.സസ്‌പെന്‍ഷന്‍ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നല്‍കിയാല്‍ മതി

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറെ പൂട്ടാന്‍ പുതിയ നീക്കവുമായി വിസി. ഡോ. കെ എസ് അനില്‍ കുമാറിന്റെ ശമ്പളം തടഞ്ഞ് വിസി ഉത്തരവിട്ടു. സസ്‌പെന്‍ഷന്‍ കാലത്ത് അനുവദിക്കാറുള്ള ഉപജീവനബത്ത മാത്രം നല്‍കിയാല്‍ മതി എന്നാണ് വിസിയുടെ നിര്‍ദേശം. സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തുന്നതിനാലാണ് തീരുമാനം.
കേരള സര്‍വകലാശാലയിലെ തമ്മിലടിക്ക് അന്ത്യമില്ലെന്ന് ഉറപ്പിക്കുന്നതാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ പുതിയ ഉത്തരവ്. ഡോ. കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ വിസി ഇപ്പോള്‍ അദ്ദേഹത്തിന്റെ ശമ്പളം കൂടി തടഞ്ഞുവെച്ച് ഉത്തരവിറക്കുകയാണ്. സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കരുതെന്നാണ് വിസി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.സസ്‌പെന്‍ഷന്‍ അംഗീകരിച്ച് ഓഫീസില്‍ നിന്ന് മാറി നിന്ന ശേഷം അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന ഉപാധി, വിസി മുന്നോട്ടു വെച്ചെങ്കിലും സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളും രജിസ്ട്രാറും അതിനോട് യോജിച്ചില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആശയവിനിമയം നടത്തിയെങ്കിലും കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ക്ക് മാത്രം ഇതുവരെ പരിഹാരം ആയില്ല.