വാത്സിങ്ങാം തീര്‍ത്ഥാടനം മറ്റന്നാള്‍. മാതൃ സങ്കേതം മരിയന്‍ പ്രഘോഷണ മുഖരിതമാകും. സ്വാഗതമോതി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത

 
Walsingham

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാമത് വാത്സിങ്ങാം തീര്‍ത്ഥാടനവും തിരുന്നാളും മറ്റന്നാള്‍ 19ാം തീയതി നടക്കും. ജൂബിലി വര്‍ഷത്തിലെ പ്രത്യാശയുടെ തീര്‍ത്ഥാടനത്തില്‍ ഒഴുകിയെത്തുന്ന മലയാളി മാതൃഭക്തരുടെ വന്‍ പങ്കാളിത്തത്തോടെ കൊടി തോരണങ്ങളാല്‍ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി പരിശുദ്ധ ജപമാലകളും, മരിയ ഭക്തിഗാനങ്ങളും ആലപിച്ച്  നടത്തപ്പെടുന്ന തീര്‍ത്ഥാടന പ്രദക്ഷിണവും, ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹ ദിവ്യബലിയും, മരിയന്‍ സന്ദേശവും, തിരുന്നാള്‍ ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീര്‍ത്ഥാടനത്തിന് ഫാ. ജിനു മുണ്ഡനടക്കലിന്റെ അജപാലന നേതൃത്വത്തില്‍ കേംബ്രിഡ്ജ് റീജണല്‍ സീറോമലബാര്‍ വിശ്വാസ സമൂഹമാണ് ആതിഥേയത്വം വഹിക്കുക.    

പരിശുദ്ധ അമ്മയുടെ നിര്‍ദ്ദേശത്തില്‍ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാത്സിങ്ങാമില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങളാല്‍ ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധേയമാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയിലെ എല്ലാ മിഷനുകളില്‍ നിന്നും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ദേവാലയങ്ങളില്‍ നിന്നും പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു വരുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിശാലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.  

രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയോടെയും (സപ്ര), ആരാധനയോടെയും ആരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ തുടര്‍ന്ന് രൂപതയുടെ യൂത്ത് & മൈഗ്രന്റ്സ് കമ്മീഷന്‍ ചെയറും ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്  മരിയന്‍ പ്രഭാഷണം നല്‍കുന്നതാണ്.  

ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം,  മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌പേസില്‍ 'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂര്‍വ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, രൂപതയില്‍ നിന്നുള്ള വൈദികര്‍ സഹകാര്‍മ്മികരായി ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലി അര്‍പ്പിക്കും. കുര്‍ബ്ബാന മദ്ധ്യേ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശവും നല്‍കുന്നതാണ്.

തീര്‍ത്ഥാടകര്‍ക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടന്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് മുന്‍കൂറായി ഭക്ഷണം ബുക്ക് ചെയ്യുന്നതിന് കാറ്ററിംഗുകാരുമായി ബന്ധപ്പെടാവുന്നതാണ്. കൗണ്ടറില്‍ കാഷ് മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദേവാലയത്തിന്റെ വിലാസം

The Basilica  Of Our Lady  Walshingham, Houghton St. Giles, Little Walshingham,  Walshingham, NR22 6AL

Tags

Share this story

From Around the Web