ലോകമെമ്പാടുമുള്ള ഹൈന്ദവ സഹോദരങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍
ലോകമെമ്പാടുമുള്ള ഹൈന്ദവ സഹോദരങ്ങള്‍ക്ക് വത്തിക്കാന്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു. മതാന്തര സംവാദത്തിനായുള്ള വത്തിക്കാന്‍ കാര്യാലയമാണ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ദീപാവലി ആശംസകള്‍ കൈമാറിയത്.
ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ച് സമാധാനത്തിന്റെ വഴികള്‍ വെട്ടിത്തുറക്കണമെന്ന് വത്തിക്കാന്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ഈ വര്‍ഷം നവംബര്‍ എട്ടിനാണ് ദീപാവലി ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ചാണ് വത്തിക്കാന്റെ ഔദ്യോഗിക സന്ദേശം പുറത്തിറക്കിയത്. ഇരുവിഭാഗങ്ങളും പരസ്പര സ്‌നേഹത്തോടും സാഹോദര്യത്തോടും കൂടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ഓര്‍മ്മിപ്പിക്കുന്നു.
അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ മാതൃക പിഞ്ചെന്ന്, ലോകത്തില്‍ സമാധാനവും നന്മയും വളര്‍ത്താന്‍ മതങ്ങളുടെ സംവാദത്തിലൂടെ സാധിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഇരുവിഭാഗങ്ങള്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.