ജനസംഖ്യാ നിയന്ത്രണത്തിന് ഗർഭച്ഛിദ്രം ആയുധമാക്കുന്നതിനെതിരെ വത്തിക്കാന്റെ മുന്നറിയിപ്പ്

 
Canada

ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ഉപായമായി ഗർഭച്ഛിദ്രത്തെയും വന്ധ്യംകരണത്തെയും ഉപയോഗിക്കുന്ന പ്രവണതയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി വത്തിക്കാൻ. 

കുടുംബത്തിനുള്ളിൽ മനുഷ്യജീവിതത്തെയും പ്രകൃതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 27 തിങ്കളാഴ്ച വത്തിക്കാൻ പ്രസിദ്ധീകരിച്ച പുതിയ രേഖയിലാണ് ഈ പരാമർശങ്ങളുള്ളത്. ദരിദ്രരാജ്യങ്ങളിൽ കർശനമായ ജനന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി സർക്കാരുകൾ ഇത്തരം ജീവവിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ഖേദകരമാണെന്ന് വത്തിക്കാൻ വ്യക്തമാക്കി.

‘കുടുംബജീവിതത്തിലെ സമഗ്ര പരിസ്ഥിതി ശാസ്ത്രം’ എന്ന് പേരിട്ടിരിക്കുന്ന ഈ രേഖ, കഴിഞ്ഞ നാല് മാർപാപ്പമാരുടെ പഠിപ്പിക്കലുകളെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. വിശുദ്ധ പോൾ ആറാമൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ ഔദ്യോഗിക പ്രബോധനങ്ങൾ ഇതിന് അടിസ്ഥാനമായിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ‘ലൗദാത്തോ സി’, ‘അമോറിസ് ലെറ്റിഷ്യ’ എന്നീ രേഖകളിലെ ആശയങ്ങൾക്കും ഇതിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.


അതേസമയം, ലിംഗ വ്യത്യാസങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെയും മനുഷ്യശരീരത്തിൽ കൃത്രിമത്വം നടത്താനുള്ള ആഗ്രഹങ്ങളെയും രേഖ വിമർശിക്കുന്നു. 

ഉപഭോക്തൃ സംസ്കാരം, മലിനീകരണം, മനുഷ്യഭ്രൂണങ്ങളെ ഗവേഷണത്തിനായി ഉപയോഗിക്കൽ എന്നിവ മനുഷ്യ അന്തസ്സിന് വിരുദ്ധമാണെന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി. 

സ്വന്തം ശരീരത്തെ ദൈവത്തിന്റെ ദാനമായി സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഒരു യഥാർഥ പരിസ്ഥിതി അവബോധത്തിന് അത്യന്താപേക്ഷിതമാണെന്നും വത്തിക്കാൻ ഓർമ്മിപ്പിക്കുന്നു.

സ്നേഹത്തെയും ലൈംഗികതയെയും കുറിച്ചുള്ള ശരിയായ ബോധ്യം കുട്ടികൾക്ക് നൽകുന്നതിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് 78 പേജുള്ള ഈ രേഖ ഊന്നിപ്പറയുന്നു. വാടക ഗർഭധാരണം, ദയാവധം തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുമായി സംഭാഷണങ്ങൾ നടത്താൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാലയങ്ങളും കുടുംബങ്ങളും തമ്മിൽ ഇത്തരം വിഷയങ്ങളിൽ ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വത്തിക്കാൻ അഭിപ്രായപ്പെട്ടു.

ഭൂമിയുടെയും ദരിദ്രരുടെയും നിലവിളി കേൾക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന രേഖ, പ്രായോഗികമായ ചില ജീവിതശൈലി മാറ്റങ്ങളും നിർദ്ദേശിക്കുന്നുണ്ട്. ഭക്ഷണം, വൈദ്യുതി എന്നിവ പാഴാക്കുന്നത് ഒഴിവാക്കുക, പൊതുഗതാഗതം ഉപയോഗിക്കുക, ലളിതമായ ജീവിതശൈലി സ്വീകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

അഭയാർഥികൾ, കുടിയേറ്റക്കാർ, ഭിന്നശേഷിക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങളെ ചേർത്തുപിടിക്കാനും കുടുംബങ്ങളോട് വത്തിക്കാൻ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web