യുദ്ധം അവസാനിപ്പിച്ച് യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കണം: യൂറോപ്യന്‍ കൗൺസിലില്‍ വത്തിക്കാന്‍ പ്രതിനിധി

 
Paul

വിയന്ന: യുക്രൈനിൽ നീതിപൂർവ്വവുമായ സമാധാനം ഉറപ്പാക്കണമെന്ന് വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ. ഫെബ്രുവരി 24 ചൊവ്വാഴ്ച നടന്ന യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ള സ്ഥിരം കൗൺസിലിന്റെ 1554-മത് സമ്മേളനത്തിൽ സംസാരിക്കവേയാണ്, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമാധാന സ്ഥാപനത്തിനുള്ള സ്ഥിരമായ മുന്നേറ്റം ഉണ്ടാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

റഷ്യ - യുക്രൈൻ യുദ്ധത്തിന് അവസാനമുണ്ടാകണമെന്നും, യുക്രൈനെ ദുരിതപൂർണ്ണമായ അവസ്ഥയിലേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിയ്ക്കുന്ന നിലവിലെ സ്ഥിതി അവസാനിപ്പിക്കുന്നതിനായി നിലനിൽക്കുന്നതും നീതിപൂർണ്ണവുമായ സമാധാനം ഉണ്ടാകണമെന്നും ഓഷേ (OSCE) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നതും, യൂറോപ്പിലെ സുരക്ഷയ്ക്കും സഹകരണത്തിനും വേണ്ടിയുള്ളതുമായ സ്ഥിരം കൗൺസിലില്‍ വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം പറഞ്ഞു.

റഷ്യ - യുക്രൈൻ പ്രശ്നത്തിൽ, സമാധാനം ലക്ഷ്യമാക്കി സത്യസന്ധവും ഏവരെയും ഉൾകൊള്ളുന്നതുമായ നയതന്ത്രമാർഗ്ഗങ്ങൾ നടപ്പിലാക്കാന്‍ പരിശുദ്ധ സിംഹാസനം മുൻപുതന്നെ നടത്തിയിട്ടുള്ള ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികം കൂടിയായിരുന്ന ഫെബ്രുവരി 24-ന്റെ പശ്ചാത്തലത്തിലാണ് ആർച്ച് ബിഷപ്പ് ഗല്ലാഘർ വിഷയം ആവർത്തിച്ചത്. ആശയപരമായ അഭിപ്രായ പ്രകടനങ്ങൾക്കപ്പുറം കൃത്യമായ പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും, സത്യസന്ധമായ സംവാദമാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags

Share this story

From Around the Web