ഉക്രൈനിലേക്ക് മാര്‍പാപ്പയുടെ യാത്ര സാധ്യമാണോ എന്ന് പരിശോധിക്കാന്‍ വത്തിക്കാന്‍
വത്തിക്കാന്‍സിറ്റി: ആര്‍ച്ചുബിഷപ്പ് ഗാല്ലഗറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഉക്രൈനിലേക്ക് മാര്‍പാപ്പയുടെ യാത്ര സാധ്യമാണോ എന്ന് പരിശോധിക്കാന്‍ ഒരുങ്ങി വത്തിക്കാന്‍.
വത്തിക്കാന്റെ സ്റ്റേറ്റ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് റിലേഷന്‍സ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ ആണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഉക്രൈന്‍ സന്ദര്‍ശന സാധ്യതകള്‍ വത്തിക്കാന്‍ പരിശോധിക്കുമെന്നും, അതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും അറിയിച്ചത്.
''ഞാന്‍ കണ്ടുമുട്ടിയ ഭൂരിഭാഗം ആളുകളും ഈ ചോദ്യമാണ് എന്നോട് ചോദിച്ചത്. എന്റെ ഉത്തരം വളരെ ലളിതമാണ്.
പരിശുദ്ധ പിതാവ് ഈ ക്ഷണത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉക്രൈനിലെയും ലോക സമാധാനത്തിന്റെയും സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഏറ്റവും അനുയോജ്യമായ സമയവും രീതിയും ഞങ്ങള്‍ പഠിച്ച് തീരുമാനിക്കും.
'' റോമിലേക്ക് മടങ്ങുന്ന വഴി പോളണ്ടിലെ ക്രാക്കോവില്‍ വച്ച് വത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
2014-ല്‍ ആരംഭിക്കുകയും 2022 ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തോടെ കൂടുതല്‍ രൂക്ഷമാകുകയും ചെയ്ത യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനില്‍ ആറ് ദിവസമാണ് ആര്‍ച്ചുബിഷപ്പ് ഗാല്ലഗര്‍ ചിലവഴിച്ചത്. സന്ദര്‍ശന വേളയില്‍ രാഷ്ട്രീയ, സ്ഥാപന, സഭാതല ചര്‍ച്ചകളിലും വിവിധ പാരീഷ് പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു.
ജൂലൈ 20-ന് കിവില്‍ വച്ച് അദ്ദേഹം ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുമായുള്ള യുദ്ധത്തിനിടയിലും വത്തിക്കാന്‍ ഉക്രൈന് നല്‍കുന്ന പിന്തുണയ്ക്ക് സെലെന്‍സ്‌കി നന്ദി അറിയിച്ചു.
ബെര്‍ഡിചിവിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ ലാറ്റിന്‍ കാത്തലിക് സഭാ സംവിധാനങ്ങള്‍ പുനരാരംഭിച്ചതിന്റെ 35-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
ജൂലൈ 19 ഞായറാഴ്ച നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഈ ചടങ്ങില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹം, ഉക്രേനിയന്‍ അധികാരികളില്‍ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെ പ്രശംസിച്ചു.