ഉക്രൈനിലേക്ക് മാർപാപ്പയുടെ യാത്ര സാധ്യമാണോ എന്ന് പരിശോധിക്കാൻ വത്തിക്കാൻ

 
Vatican

ആർച്ചുബിഷപ്പ് ഗാല്ലഗറിന്റെ സന്ദർശനത്തിന് പിന്നാലെ ഉക്രൈനിലേക്ക് മാർപാപ്പയുടെ യാത്ര സാധ്യമാണോ എന്ന് പരിശോധിക്കാൻ ഒരുങ്ങി വത്തിക്കാൻ. വത്തിക്കാന്റെ സ്റ്റേറ്റ് ആൻഡ് ഇന്റർനാഷണൽ ഓർഗനൈസേഷൻസ് റിലേഷൻസ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ ആണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ ഉക്രൈൻ സന്ദർശന സാധ്യതകൾ വത്തിക്കാൻ പരിശോധിക്കുമെന്നും, അതിന് അനുയോജ്യമായ സാഹചര്യങ്ങൾ വിലയിരുത്തുമെന്നും അറിയിച്ചത്.

“ഞാൻ കണ്ടുമുട്ടിയ ഭൂരിഭാഗം ആളുകളും ഈ ചോദ്യമാണ് എന്നോട് ചോദിച്ചത്. എന്റെ ഉത്തരം വളരെ ലളിതമാണ്. പരിശുദ്ധ പിതാവ് ഈ ക്ഷണത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉക്രൈനിലെയും ലോക സമാധാനത്തിന്റെയും സാഹചര്യങ്ങൾ മുൻനിർത്തി ഏറ്റവും അനുയോജ്യമായ സമയവും രീതിയും ഞങ്ങൾ പഠിച്ച് തീരുമാനിക്കും.” റോമിലേക്ക് മടങ്ങുന്ന വഴി പോളണ്ടിലെ ക്രാക്കോവിൽ വച്ച് വത്തിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

2014-ൽ ആരംഭിക്കുകയും 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തോടെ കൂടുതൽ രൂക്ഷമാകുകയും ചെയ്ത യുദ്ധത്തിൽ തകർന്ന ഉക്രൈനിൽ ആറ് ദിവസമാണ് ആർച്ചുബിഷപ്പ് ഗാല്ലഗർ ചിലവഴിച്ചത്. സന്ദർശന വേളയിൽ രാഷ്ട്രീയ, സ്ഥാപന, സഭാതല ചർച്ചകളിലും വിവിധ പാരീഷ് പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. ജൂലൈ 20-ന് കിവിൽ വച്ച് അദ്ദേഹം ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുമായുള്ള യുദ്ധത്തിനിടയിലും വത്തിക്കാൻ ഉക്രൈന് നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്കി നന്ദി അറിയിച്ചു.

ബെർഡിചിവിലെ മരിയൻ തീർഥാടന കേന്ദ്രത്തിൽ ലാറ്റിൻ കാത്തലിക് സഭാ സംവിധാനങ്ങൾ പുനരാരംഭിച്ചതിന്റെ 35-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ജൂലൈ 19 ഞായറാഴ്ച നടന്ന ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഈ ചടങ്ങിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹം, ഉക്രേനിയൻ അധികാരികളിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെ പ്രശംസിച്ചു.

Share this:

Tags

Share this story

From Around the Web