വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ മെക്സിക്കോ സന്ദർശനം: ലെയോ പാപ്പയുടെ സന്ദർശനം വൈകാതെ സാധ്യമാകുമെന്നുള്ള പ്രതീക്ഷയേറുന്നു
പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയായ കർദിനാൾ പിയത്രോ പരോളിൻ ഓഗസ്റ്റ് നാല് മുതൽ ആറ് വരെ മെക്സിക്കോ സന്ദർശിക്കും. മെക്സിക്കോയിലേക്ക് ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശനം നടത്തുമെന്ന പ്രതീക്ഷയ്ക്ക് ഈ യാത്ര ഉണർവേകുന്നതായി രാജ്യത്തെ ബിഷപ്പുമാർ വ്യക്തമാക്കുന്നു. മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (CEM) ഓഗസ്റ്റ് നാലിന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, മെക്സിക്കോ സന്ദർശനവേളയിൽ കർദിനാൾ പരോളിൻ പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങളും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. “അദ്ദേഹത്തിന്റെ സാന്നിധ്യം മെക്സിക്കോയിലെ ജനങ്ങളുമായി പരിശുദ്ധ സിംഹാസനത്തിനുള്ള അടുപ്പം കൂടുതൽ ദൃഢമാക്കുകയും സമാധാന നിർമ്മിതിയിൽ കത്തോലിക്കാ സഭയ്ക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുകയും ചെയ്യുന്നു.
കൂടാതെ, മാർപാപ്പയുടെ നേരിട്ടുള്ള സാന്നിധ്യവും അനുഗ്രഹവും നമ്മുടെ മെക്സിക്കൻ മണ്ണിൽ ഉണ്ടാകണമെന്ന ആഗ്രഹം നമ്മുടെ ഹൃദയങ്ങളിൽ വീണ്ടും ജ്വലിപ്പിക്കുകയും ചെയ്യുന്നു” – മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസ്താവിച്ചു.
മാർപാപ്പയുടെ മെക്സിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കർദിനാൾ പരോളിന്റെ ഈ സന്ദർശനം. തെക്കേ അമേരിക്കയിലേക്കുള്ള തന്റെ ആദ്യ അപ്പസ്തോലിക യാത്രയുടെ ഭാഗമായി നവംബറിൽ മാർപാപ്പ പെറു, അർജന്റീന, ഉറുഗ്വേ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.