യുദ്ധങ്ങളിൽ സാധാരണക്കാരെ സംരക്ഷിക്കാൻ ധാർമ്മിക പ്രതിബദ്ധത വേണമെന്ന് വത്തിക്കാൻ

 
Vatican

ആധുനിക കാലഘട്ടത്തിലെ യുദ്ധങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ചു എടുത്തുപറഞ്ഞ് പരിശുദ്ധ സിംഹാസനം. യുഎൻ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട്, യുദ്ധരംഗത്ത് ഉയർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ധാർമ്മിക ആശങ്കകളും അതോടൊപ്പം ആരാധനാലയങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെയും വത്തിക്കാൻ ചൂണ്ടിക്കാണിക്കുകയും ചർച്ചകളിലൂടെ സമാധാനം കെട്ടിപ്പടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

യുദ്ധങ്ങളിൽ സാധാരണക്കാരാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നതെന്നും പലായനം, അക്രമം, പട്ടിണി, അത്യാവശ്യ സേവനങ്ങളുടെ തകർച്ച എന്നിവ നേരിടുന്നുണ്ടെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.സാധാരണക്കാരെ സംരക്ഷിക്കുക എന്നത് വെറുമൊരു രാഷ്ട്രീയമോ പ്രവർത്തനപരമോ ആയ വെല്ലുവിളിയല്ല, മറിച്ച് അതൊരു ആഴമേറിയ ധാർമ്മിക ബാധ്യതയാണെന്ന് വത്തിക്കാൻ പ്രതിനിധി സംഘം ഊന്നിപ്പറഞ്ഞു.


ആരാധനാലയങ്ങൾക്കും മതസമൂഹങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ആശങ്കാജനകമാണെന്നും ഇത്തരം പ്രവൃത്തികൾ സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഘടനയെ മുറിവേൽപ്പിക്കുന്നു എന്നും പ്രതിനിധി സംഘം പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കണമെന്നും, യുദ്ധങ്ങൾ തടയുന്നതിനും ചർച്ചകൾക്കും സമാധാനപരമായ പരിഹാരങ്ങൾക്കും വീണ്ടും പ്രാധാന്യം നൽകണമെന്നും വത്തിക്കാൻ പ്രതിനിധി സംഘം അഭ്യർഥിച്ചു.”യഥാർഥ സമാധാനം കെട്ടിപ്പടുക്കുന്നത് ഭയത്തിലൂടെയോ നാശത്തിലൂടെയോ അല്ല, മറിച്ച് പരസ്പര കൂടിക്കാഴ്ചകൾ, വിശ്വാസം, ഉത്തരവാദിത്തബോധം എന്നിവയിലൂടെയാണ്,” എന്നും പ്രതിനിധി സംഘം കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web