സമഗ്ര മാനവ വികസനത്തിന് ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണമെന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷ്പ്പ് ഗബ്രിയേലെ കാച്ച

വത്തിക്കാന്‍: ഓരോ മനുഷ്യവ്യക്തിയുടെയും സമ്പൂര്‍ണ്ണ വികസനം ഉള്‍ക്കൊള്ളുന്നതായ സമഗ്രമാനാവപുരോഗതിയുടെ അചഞ്ചല വക്താവാണ് പരിശുദ്ധസിംഹാസനം എന്ന് വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷ്പ്പ് ഗബ്രിയേലെ കാച്ച.
ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഒക്ടോബര്‍ 13-ന് തിങ്കളാഴ്ച ന്യുയോര്‍ക്കില്‍ സുസ്ഥിര വികസനത്തെ അധികരിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു.
ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം, സംഘര്‍ഷം എന്നിവയുടെ അതിവ്യാപകമായ പ്രതിസന്ധികളാല്‍ മുദ്രിതമായ ഈ നിര്‍ണ്ണായക ഘട്ടത്തില്‍, സമഗ്ര മാനവവികസനത്തിനായുള്ള പ്രതിബദ്ധത എന്നത്തേക്കാളുപരി പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് കാച്ച പറഞ്ഞു.
ദരിദ്രരും തദ്ദേശീയ സമൂഹങ്ങളും ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി തകര്‍ച്ചയ്ക്കും ഏറ്റവും കുറഞ്ഞ രീതിയില്‍ കാരണക്കാരായിട്ടുള്ളവരാണ് പലപ്പോഴും അതിന്റെ ഏറ്റവും കഠിനവും വിനാശകരവുമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകൃതിയുടെ നാശം എല്ലാവരെയും ഒരുപോലെയാല്ല ബാധിക്കുന്നതെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് തോന്നുന്നു' എന്ന് ലിയോ പതിനാലാമന്‍ പാപ്പായുടെ നിരിക്ഷണം ആര്‍ച്ചുബിഷപ്പ് കാച്ച അനുസ്മരിച്ചു.
സാമ്പത്തികമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കായി കൈമാറ്റം ചെയ്യേണ്ട ഒരു വസ്തുവായി പ്രകൃതി ചുരുക്കപ്പെടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ഈ സമീപനം മാനാവാന്തസ്സിനെയും സൃഷ്ടിയുടെ സമഗ്രതയെയും ഹ്രസ്വകാല താല്‍പ്പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അധീനമാക്കിക്കൊണ്ട് സുസ്ഥിര വികസനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെ വളച്ചൊടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.