യുക്രേനിയന്‍ കത്തോലിക്കര്‍ക്ക് ആദരവുമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി

 
UKRAINE


വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ തീരാത്ത മുറിവുകളില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന യുക്രേനിയന്‍ ജനതയോടുള്ള ആദരവിന്റെ അടയാളമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി. 


രാജ്യം തുടര്‍ച്ചയായ യുദ്ധത്തിന്റെ വേട്ടയാടലുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും, യുക്രൈനിലെ കത്തോലിക്ക സഭയുടെ പ്രധാന പ്രതീകത്തെ അടയാളപ്പെടുത്തുന്നതാണ് സ്റ്റാമ്പ്. റഷ്യന്‍ ബോംബാക്രമണങ്ങള്‍ മൂലമുണ്ടായ ഇരുട്ടില്‍ ഉയര്‍ന്നുവരുന്നതായി ചിത്രീകരിച്ചിരിക്കുന്ന, കിവിലെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക കത്തീഡ്രലാണ് സ്റ്റാമ്പിലുള്ളത്.

2022 മുതല്‍ യുക്രേനിയന്‍ ജനത നേരിടുന്ന കഠിനമായ യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് സ്റ്റാമ്പ്. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ പോസ്റ്റല്‍ ആന്‍ഡ് ഫിലാറ്റലി ഓഫീസാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കീവ് കത്തോലിക്കാ രൂപതയുടെ പുനഃസ്ഥാപനത്തിന്റെ 30-ാം വാര്‍ഷികം, യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്റെ സ്ഥാനം കീവിലേക്ക് മടങ്ങിയതിന്റെ 20-ാം വാര്‍ഷികം, കത്തീഡ്രല്‍ നിര്‍മ്മാണത്തിന്റെ 12-ാം വാര്‍ഷികം എന്നിവ സ്റ്റാമ്പില്‍ അടയാളപ്പെടുത്തുകയാണെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു.


പീഡനങ്ങളെ അതിജീവിച്ച യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ രക്തസാക്ഷിത്വത്തിന്റെ ചരിത്രമാണ് സ്റ്റാമ്പ് ഓര്‍മ്മിപ്പിക്കുന്നതെന്ന് യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. 

വത്തിക്കാന്‍ മ്യൂസിയത്തില്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ ജനറല്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് എമിലിയോ നാപ്പ, യുക്രേനിയന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക് എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് സ്റ്റാമ്പ് അവതരിച്ചത്.

 20 നയതന്ത്ര പ്രതിനിധികളും, വൈദികരും സഭാ, സിവില്‍ സംഘടനകളിലെ അംഗങ്ങളും പങ്കെടുത്തു.

Tags

Share this story

From Around the Web