ക്യൂബയില്‍, വത്തിക്കാന്റെ നയതന്ത്ര ഇടപെടലിലൂടെ  51 തടവുകാര്‍ക്ക് മോചനം

 
CUBA


ഹവാന/ക്യൂബ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും നേരിടുന്ന ക്യൂബയില്‍, വത്തിക്കാന്റെ നയതന്ത്ര ഇടപെടലിലൂടെ  51 തടവുകാര്‍ക്ക് മോചനം. 


ഫെബ്രുവരി 28-ന് വത്തിക്കാനില്‍  ലിയോ 14-ാമന്‍ പാപ്പയും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത്.

വിശുദ്ധ വാരത്തിന് മുന്നോടിയായി ക്യൂബ എടുത്ത ഈ തീരുമാനം മാനുഷിക പരിഗണന മുന്‍നിര്‍ത്തിയുള്ളതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.  

വത്തിക്കാനും ക്യൂബയും തമ്മിലുള്ള മികച്ച ബന്ധത്തിന്റെയും സര്‍ക്കാരിന്റെ സന്മനസ്സിന്റെയും ഭാഗമായാണ് ഈ തീരുമാനമെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

തടവുകാരുടെ മോചനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയും സ്ഥിരീകരിച്ചു.

രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പുറമെ, ഊര്‍ജ്ജ പ്രതിസന്ധിയും യുഎസില്‍ നിന്നുള്ള ഉപരോധവും ക്യൂബയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ക്യൂബയിലെ ഇലക്ട്രിക്ക് ഗ്രിഡ് തകരാറിലായതിനെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ ബ്ലാക്കൗട്ട് നേരിടുകയാണ്. 

മരുന്നിനും ഭക്ഷണത്തിനും ഇന്ധനത്തിനുമായി ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യമാണ് ക്യൂബയില്‍ നിലവിലുള്ളത്. 

ഇറാന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി കൂടെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ക്യൂബയില്‍ വത്തിക്കാന്‍ നടത്തുന്ന നയതന്ത്ര ഇടപെടലിന് ഏറെ പ്രസക്തിയുണ്ട്.

ക്യൂബന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുന്ന നടപടികളില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്ന് ലിയോ 14-ാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. 

95 വയസ്സായ മുന്‍ ഭരണാധികാരി റൗള്‍ കാസ്ട്രോയും നിലവിലെ പ്രസിഡന്റ് ഡയസ് കാനലും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 സംവാദത്തിന്റെ നയതന്ത്രം ഉപയോഗിച്ചുകൊണ്ട് ക്യൂബന്‍ ജനതയുടെ സുസ്ഥിതി ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് വത്തിക്കാന്‍ മുന്‍ഗണന നല്‍കുന്നത്.

Tags

Share this story

From Around the Web