ലിയോ പതിനാലാമന്‍ പാപ്പായുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുത്ത് വത്തിക്കാന്‍ പുസ്തകപ്രസിദ്ധീകരണശാലയും അഗസ്റ്റീനിയന്‍ സഭയും

വത്തിക്കാന്‍: ലിയോ പതിനാലാമന്‍ പാപ്പാ അഗസ്റ്റീനിയന്‍ സഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന കാലത്ത് തയ്യാറാക്കിയ പ്രധാന രേഖകളും പ്രഭാഷണങ്ങളും ധ്യാനചിന്തകളും ഉള്‍പ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുത്ത് വത്തിക്കാന്‍ പുസ്തകപ്രസിദ്ധീകരണശാലയും അഗസ്റ്റീനിയന്‍ സഭയും.
ഒക്ടോബര്‍ 15 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് വ്യക്തമാക്കിയത്.
ഫ്രാങ്ക്ഫര്‍ട്ടില്‍ ഒക്ടോബര്‍ 15-ന് ആരംഭിക്കുന്ന പുസ്തകമേളയുടെ കൂടി പശ്ചാത്തലത്തില്‍, നാളില്‍ വരെ എഡിറ്റ് ചെയ്യപ്പെടാത്ത ലിയോ പതിനാലാമന്‍ പാപ്പായുടെ പുസ്തകം വരും മാസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുമെന്ന് അഗസ്റ്റീനിയന്‍ സഭയും വത്തിക്കാന്‍ പുസ്തകപ്രസിദ്ധീകരണശാലയും ചേര്‍ന്ന് അറിയിച്ചു.
'കൃപയ്ക്ക് കീഴില്‍ സ്വതന്ത്രര്‍: 2001-2013 കാലയളവിലെ ലേഖനങ്ങളും ധ്യാനചിന്തകളും' എന്ന പേരില്‍ പുറത്തിറക്കുന്ന ഈ പുസ്തകത്തില്‍, ലിയോ പതിനാലാമന്‍ പാപ്പാ സുപ്പീരിയര്‍ ജനറലായിരുന്ന കാലത്ത് നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.
ലിയോ പതിനാലാമന്‍ പാപ്പായുടെ ആധ്യാത്മികത കൂടുതല്‍ അടുത്തറിയുവാനുള്ള ഒരു അവസരമാണ്, അദ്ദേഹത്തിന്റെ വിചിന്തനങ്ങളും, ധ്യാനചിന്തകളും, സുവിശേഷപ്രസംഗങ്ങളും, മറ്റ് പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തുന്ന ഈ പ്രസിദ്ധീകരണം നല്‍കുന്നത്.
2026-ലെ വസന്തകാലത്ത് വത്തിക്കാന്‍ പുസ്തകപ്രസിദ്ധീകരണശാല ഇറ്റാലിയന്‍ ഭാഷയില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കും.
ലിയോ പാപ്പാ സുപ്പീരിയര്‍ ജനറലായിരുന്ന കാലത്ത് തങ്ങളുടെ സഭയുമായി ബന്ധപ്പെട്ട് പ്രാധാന്യത്തോടെ കണ്ട വിഷയങ്ങളെക്കുറിച്ചുള്ള ഒരു ചിത്രംകൂടിയാണ് പുസ്തകം നല്‍കുകയെന്ന് അഗസ്റ്റീനിയന്‍ സഭയുടെ ഇപ്പോഴത്തെ പ്രിയോര്‍ ജനറല്‍ ഫാ. ജോസഫ് ലോറന്‍സ് ഫാറല്‍ ഒ എസ് എ അറിയിച്ചു.
ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന പുസ്തകമേളയില്‍ പാപ്പായുടെ ചിന്തകള്‍ ലോകം മുഴുവനും അറിയുന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചതില്‍ വത്തിക്കാന്‍ പുസ്തകപ്രസിദ്ധീകരണശാലയുടെ എഡിറ്റോറിയല്‍ സംഘത്തിന്റെ നേതൃത്വത്തിലുള്ള ഫാ. ലൊറെന്‍സോ ഫസ്സീനി സന്തോഷം പ്രകടിപ്പിച്ചു.