സ്രഷ്ടാവിന്റെ മഹിമ വര്‍ണ്ണിക്കുന്ന ബഹിരാകാശ വിസ്മയ പ്രദര്‍ശനവുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ തീര്‍ത്ഥാടകരാകുവാന്‍ ഏവരെയും ക്ഷണിക്കുന്ന ജൂബിലി വര്‍ഷത്തില്‍, സ്രഷ്ടാവിന്റെ മഹിമ വര്‍ണ്ണിക്കുന്ന ബഹിരാകാശവിസ്മയ പ്രദര്‍ശനവുമായി വത്തിക്കാന്‍.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, സ്പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ക്രിസ്തു വര്‍ഷത്തിന്റെ ജൂബിലി പ്രമാണിച്ചാണ് ആദ്യമായി ഇത്തരത്തില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഹബിള്‍, ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനികളില്‍ നിന്നുള്ള കോസ്മിക് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്.
പ്രമുഖ ജ്യോതിശാസ്ത്രജ്ഞരുടെ വിവരണങ്ങളും, ഗവേഷണ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. നവംബര്‍ മാസം മൂന്നാം തീയതി കാസ്റ്റല്‍ ഗന്ധോള്‍ഫോയില്‍ പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.
പ്രദര്‍ശനം കാണുവാനുള്ള ടിക്കറ്റുകള്‍, ഇറ്റാലിയന്‍ ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമായ വത്തിക്കാന്‍ മ്യൂസിയം ഔദ്യോഗിക പേജില്‍ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. ബഹിരാകാശത്തിന്റെ ഏറ്റവും ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുവാന്‍ ഈ പ്രദര്‍ശനം സഹായിക്കും.
വ്യാഴഗ്രഹത്തിന്റെ ധ്രുവദീപ്തി, സൗരയൂഥത്തിന് പുറത്തുള്ള മറ്റുഗ്രഹങ്ങള്‍, ചെറുനക്ഷത്രങ്ങള്‍, തുടങ്ങിയവയുടെ ദൂരദര്‍ശിനി ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാകും.
ഇവയുടെ അസാധാരണമായ സൗന്ദര്യം മാത്രമല്ല, അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളും പ്രദര്‍ശനത്തില്‍ വിവരിക്കും. സൃഷ്ടിയുടെ മനോഹാരിത വെളിപ്പെടുത്തിക്കൊണ്ട് സൃഷ്ടാവിനെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യവും പ്രദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാണ്.