ആത്മീയതയുടെ ശബ്ദം തേടി വത്തിക്കാൻ; വെനീസ് ബിനാലെയിൽ സെന്റ് ഹിൽഡെഗാർഡിന്റെ സ്മരണയുമായി പ്രത്യേക പവലിയൻ
2026-ലെ വെനീസ് ബിനാലെയിൽ ശ്രദ്ധേയമായ സാന്നിധ്യമാകാൻ ഒരുങ്ങി വത്തിക്കാൻ. ‘ആത്മാവിന്റെ കണ്ണാണ് കാതുകൾ’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന വത്തിക്കാൻ പവലിയൻ, പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രശസ്ത ജർമ്മൻ വിശുദ്ധയും സഭാപണ്ഡിതയുമായ വി. ഹിൽഡെഗാർഡ് ഓഫ് ബിംഗന്റെ ജീവിതത്തിൽ നിന്നും ദർശനങ്ങളിൽ നിന്നുമാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ സാംസ്കാരിക-വിദ്യാഭ്യാസ വകുപ്പ് പ്രീഫെക്റ്റ് കർദിനാൾ ജോസെ ടൊളന്റിനോ ഡി മെൻഡോസയാണ് പവലിയന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചത്. 2026 മെയ് 9 മുതൽ നവംബർ 22 വരെ നീണ്ടുനിൽക്കുന്ന ബിനാലെയുടെ 61-ാമത് രാജ്യാന്തര കലാപ്രദർശനത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സമാധാനത്തിലേക്കും ജീവന്റെ താളത്തിലേക്കും മടങ്ങിവരാൻ ലെയോ പതിനാലാമൻ മാർപാപ്പ നൽകിയ ആഹ്വാനമാണ് ഈ പ്രദർശനത്തിന്റെ അടിസ്ഥാനമെന്ന് കർദിനാൾ വിശദീകരിച്ചു. ആധുനിക ലോകത്തിന്റെ വേഗതയ്ക്കും ബഹളങ്ങൾക്കും അടിമപ്പെടാതെ, സൃഷ്ടിയുടെ ഐക്യവും സൗന്ദര്യവും ശ്രദ്ധയോടെ കേൾക്കാനും ധ്യാനാത്മകത വളർത്താനുമാണ് പവലിയൻ ലക്ഷ്യമിടുന്നത്.
ഹാൻസ് അൾറിച്ച് ഒബ്രിസ്റ്റും ബെൻ വിക്കേഴ്സും അവതരിപ്പിക്കുന്ന ഈ പ്രദർശനം വെനീസിലെ രണ്ട് പ്രധാന കേന്ദ്രങ്ങളിലായാണ് സജ്ജീകരിക്കുന്നത്.
വെനീസിലെ കന്നറെജിയോയിലുള്ള ഡിസ്കാൽസ്ഡ് കാർമലൈറ്റ് സന്യാസികളുടെ ‘മിസ്റ്റിക്കൽ ഗാർഡൻ’ ആണ് പവലിയന്റെ പ്രധാന ആകർഷണം. ആവിലയിലെ വിശുദ്ധ തെരേസയുടെ ‘ഇന്റീരിയർ കാസിൽ’ എന്ന കൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഉദ്യാനത്തിൽ, സന്ദർശകർക്ക് പാറ്റി സ്മിത്ത്, ബ്രയാൻ ഇനോ തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം ജർമ്മനിയിലെ സെന്റ് ഹിൽഡെഗാർഡ് ആബിയിലെ സന്യാസിനികളുടെ ആലാപനങ്ങളും ശ്രവിക്കാനാകും. ശബ്ദത്തിലൂടെയും നിശബ്ദതയിലൂടെയും ആത്മാവിനെ തൊട്ടറിയുന്ന ഒരു അനുഭവം സന്ദർശകർക്ക് നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രണ്ടാമത്തെ കേന്ദ്രമായ സാന്താ മരിയ ഔസിലിയാട്രിസ് കോംപ്ലക്സ് ഒരു ആധുനിക ‘സ്ക്രിപ്റ്റോറിയം’ ആയി പ്രവർത്തിക്കും. വി. ഹിൽഡെഗാർഡിന്റെ രചനകൾ, ലൈബ്രറി, വിവിധ കലാസൃഷ്ടികൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കും. കലയിലൂടെ ആത്മീയമായ ഒരു പുതിയ ലോകവീക്ഷണം കെട്ടിപ്പടുക്കാനുള്ള ശ്രമമാണിതെന്ന് സംഘാടകർ വ്യക്തമാക്കി.
ദൈവിക സ്നേഹം സർവ ചരാചരങ്ങളിലൂടെയും നദിപോലെ ഒഴുകുന്നു എന്ന ഹിൽഡെഗാർഡിന്റെ ദർശനം പവലിയനിലുടനീളം പ്രതിഫലിക്കും.