സ്പെയിനിൽ ക്രൈസ്തവർക്കെതിരെ അക്രമം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ
സ്പെയിനിൽ ക്രൈസ്തവ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ. സ്പെയിനിലെ ‘ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ഫ്രീഡം ഓഫ് കോൺഷ്യൻസ്’ പ്രതിനിധികൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു ഈ നിർണായക കൂടിക്കാഴ്ച നടന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ രണ്ട് ക്രൈസ്തവ വിശ്വാസികൾ അക്രമങ്ങളിൽ കൊല്ലപ്പെട്ട സംഭവം വത്തിക്കാൻ പ്രതിനിധി മോൺസിഞ്ഞോർ റെനാറ്റോ കുസിചിനെ ഒഎൽആർസി പ്രസിഡന്റ് മരിയ ഗാർഷ്യ ധരിപ്പിച്ചു. 2023 ജനുവരിയിൽ അൽജെസിറാസിൽ കൊല്ലപ്പെട്ട സാക്രിസ്റ്റൻ ഡീഗോ വലൻസിയ, 2024 – ൽ ജിലെറ്റ് ആശ്രമത്തിൽ വച്ച് ക്രൂരമായ മർദനമേറ്റു മരിച്ച 76 കാരനായ ഫ്രാൻസിസ്കൻ സന്യാസി ഫ്രയർ ജുവാൻ അന്തോണിയോ എന്നിവരുടെ കൊലപാതകങ്ങൾ വത്തിക്കാനെ ഞെട്ടിച്ചതായി മരിയ ഗാർഷ്യ വ്യക്തമാക്കി.
യൂറോപ്പിൽ ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോ – ഓപ്പറേഷൻ ഇൻ യൂറോപ്പ് വത്തിക്കാനിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലും വിലയിരുത്തലുണ്ടായി. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, യുകെ, ഓസ്ട്രിയ, ബെൽജിയം എന്നീ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹങ്ങൾ കടുത്ത അരക്ഷിതാവസ്ഥ നേരിടുകയാണെന്ന് ഒ എ സി ഇ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം 2024 – ൽ മാത്രം സ്പെയിനിൽ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങളിൽ 25 ശതമാനം വർധനവാണുണ്ടായത്. ശാരീരിക അതിക്രമങ്ങൾ ഇരട്ടിയായി. എന്നാൽ കത്തോലിക്കർക്ക് നേരെ നടക്കുന്ന ഇത്തരം ലക്ഷ്യം വച്ചുള്ള അക്രമങ്ങളെ പ്രത്യേക ‘ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യമായി’ കാണാൻ സ്പെയിൻ ആഭ്യന്തര മന്ത്രാലയം തയ്യാറാകുന്നില്ലെന്ന് ഒഎൽആർസി കുറ്റപ്പെടുത്തി.
മറ്റ് മതങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രത്യേകം രേഖപ്പെടുത്തുമ്പോൾ കത്തോലിക്കർക്കെതിരെയുള്ളവ പൊതുവായ വിഭാഗത്തിൽപ്പെടുത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു. എങ്കിലും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചത് പ്രശ്നത്തിന്റെ ഗൗരവം വർധിക്കുന്നതിന്റെ തെളിവാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മരിയ ഗാർഷ്യ കൂട്ടിച്ചേർത്തു.