ലെബനനിലെ ജനതയുടെ വേദനയില്‍ പങ്കുചേര്‍ന്ന് വത്തിക്കാന്‍ സ്ഥാനപതി
ബോംബാക്രമണങ്ങളാല്‍ റോഡുകള്‍ തടസ്സപ്പെടുകയും, ആശയവിനിമയ മാര്‍ഗങ്ങള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്ത ലെബനനില്‍, 15 ടണ്‍ മാനുഷിക സഹായപൊതികള്‍ വിതരണം ചെയ്യുന്നതിനായി, ലെബനനിലെ ന്യൂണ്‍ഷ്യോ ആയ ആര്‍ച്ച് ബിഷപ്പ് പൗളോ ബോര്‍ജ ഗ്രാമങ്ങളില്‍ എത്തുകയും,വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മാറോനൈറ്റ് ഇടവക വികാരി ഫാദര്‍ പിയറി എല്‍ റായിയുടെ ശവസംസ്‌കാര ചടങ്ങില്‍, പങ്കെടുത്ത അപ്പസ്‌തോലിക പ്രതിനിധി തുടര്‍ന്ന്, തെക്കന്‍ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയും, എവര്‍ ഓറിയന്റ് സംഭാവന ചെയ്ത അവശ്യവസ്തുക്കള്‍, വിതരണം ചെയ്യുകയും ചെയ്തു.
ജനത, പാപ്പായുടെ ആശ്വാസ വചനങ്ങള്‍ കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുകയാണെന്നും, പാപ്പായില്‍ അവര്‍ പരിപൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണെന്നും, 2025 ഡിസംബറില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ അപ്പസ്‌തോലിക യാത്രയെ അനുസ്മരിച്ചുകൊണ്ട് ബോര്‍ജ പറഞ്ഞു.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭീകരതയില്‍ നിന്ന് പാപ്പായുടെ സന്ദര്‍ശനം നല്‍കിയ ആശ്വാസവും അദ്ദേഹം പങ്കുവച്ചു.
ലെബനനില്‍ ഏകദേശം 120,000 പേര്‍ താത്ക്കാലിക ഷെല്‍ട്ടറുകളിലാണ് താമസിക്കുന്നത്. യുദ്ധം ഉടന്‍ അവസാനിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും നമുക്ക് പ്രതീക്ഷിക്കാമെന്നും, ആര്‍ച്ചുബിഷപ്പ് പൗളോ ബോര്‍ജ വത്തിക്കാന്‍ മാധ്യമത്തോട് പ്രതികരിച്ചു.