യുദ്ധം അവസാനിപ്പിക്കണം: റഷ്യന്‍ ഭരണകൂടവുമായി വത്തിക്കാന്‍ പ്രതിനിധി ചര്‍ച്ച നടത്തി

 
war



കീവ്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ചര്‍ച്ചകള്‍ ആരംഭിക്കാനും വത്തിക്കാന്‍ വിദേശകാര്യ മന്ത്രി റഷ്യന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. സൈനിക നടപടികളിലൂടെ ഈ സംഘര്‍ഷം പരിഹരിക്കാനാവില്ലെന്ന വത്തിക്കാന്റെ നിലപാട് നയതന്ത്രജ്ഞനും വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗത്തിന്റെ തലവനുമായ ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഘര്‍ വ്യക്തമാക്കി.

മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനൊപ്പം കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് വത്തിക്കാന്‍ പ്രതിനിധിയുടെ പ്രതികരണം. ഗൗരവകരമായ രാഷ്ട്രീയ - നയതന്ത്ര പ്രക്രിയയ്ക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അത്തരം ചര്‍ച്ചകള്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഇരുപക്ഷവും തുറന്ന സമീപനവും ഒരേ മനോഭാവവും പ്രകടിപ്പിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് റഷ്യന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളുടെ മുന്നില്‍ വ്യക്തമാക്കി.


റഷ്യയിലേക്കുള്ള ആര്‍ച്ച് ബിഷപ്പ് ഗല്ലാഘറുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടയിലുള്ള ആദ്യത്തെ ഉന്നതതല കൂടിക്കാഴ്ചയായിരുന്നു മോസ്‌കോയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ച. അഞ്ച് വര്‍ഷത്തിനിടെ ആര്‍ച്ച് ബിഷപ്പ് ഗല്ലഗറും ലാവ്റോവും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുന്‍പായി, റഷ്യയിലെ വത്തിക്കാന്‍ സ്ഥാനപതി (അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ) ആര്‍ച്ച് ബിഷപ്പ് ജിയോവാനി ഡി അനിയെല്ലോയും ചേര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ ആര്‍ച്ച് ബിഷപ്പ് ഗല്ലാഘര്‍ ഒരു മണിക്കൂറോളം സംസാരിച്ചിരിന്നു.

Tags

Share this story

From Around the Web