സമാധാന ദൗത്യവുമായി വത്തിക്കാന്‍ പ്രതിനിധി റഷ്യയില്‍
മോസ്‌കോ: റഷ്യ - യുക്രൈന്‍ യുദ്ധം അവസാനമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ നയതന്ത്രജ്ഞനും വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗത്തിന്റെ തലവനുമായ ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഘര്‍ റഷ്യന്‍ സന്ദര്‍ശനം തുടങ്ങി.
സമാധാനവും സംവാദങ്ങളും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള യാത്രയുടെ ഭാഗമായി രാജ്യത്തെ ഭരണകൂട പ്രതിനിധികളുമായും ഓര്‍ത്തഡോക്‌സ് സഭാനേതൃത്വങ്ങളുമായും, രാജ്യത്തെ കത്തോലിക്കാസമൂഹവുമായും ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ചകള്‍ നടത്തും.
നയതന്ത്രപരമായ ചര്‍ച്ചകള്‍ക്കൊപ്പം സഭാപരവും എക്യൂമെനിക്കല്‍ സ്വഭാവമുള്ളതുമായ വിവിധ കൂടിക്കാഴ്ചകളും യാത്രയുടെ ലക്ഷ്യമാണ്.
ഇന്നു ആഗസ്റ്റ് 25 ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന്, മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ ബാഹ്യ സഭാബന്ധങ്ങള്‍ക്കായുള്ള വകുപ്പിന്റെ തലവനായ വോലോകോലാംസ്‌കിലെ മെത്രാപ്പോലീത്ത ആന്റണിയുമായി ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തും.
റഷ്യയിലെ ചെറിയ കത്തോലിക്കാസമൂഹവുമായും വത്തിക്കാന്‍ നയതന്ത്രജ്ഞന്‍ കൂടിക്കാഴ്ച നടത്തും.
രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരും, സമര്‍പ്പിതസമൂഹവുമായുള്ള കൂടിക്കാഴ്ചകളും വിശുദ്ധ ബലിയര്‍പ്പണവും ഈ യാത്രയുടെ ഭാഗമായി ഉണ്ടാകും.
ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, സംവാദങ്ങളുടെയും നയതന്ത്രത്തിന്റെയും സഹായത്തോടെ സമാധാനസ്ഥാപനം സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് റഷ്യന്‍ സന്ദര്‍ശനത്തിലൂടെ വത്തിക്കാന്‍ ലക്ഷ്യംവെയ്ക്കുന്നത്.
ഓഗസ്റ്റ് 28 വരെയാണ് വത്തിക്കാന്‍ പ്രതിനിധിയുടെ സന്ദര്‍ശനം. കഴിഞ്ഞ ജൂലൈ 17 മുതല്‍ ജൂലൈ 21 വരെ ആര്‍ച്ച് ബിഷപ്പ് യുക്രൈനിലും സന്ദര്‍ശനം നടത്തിയിരിന്നു.