കീവിലെ ബോംബാക്രമണങ്ങൾ നടന്ന പ്രദേശങ്ങൾ സന്ദർശിച്ച് വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ്പ് പോൾ ഗാല്ലഗർ
റഷ്യൻ അധിനിവേശം തുടരുന്ന ഉക്രൈനിൽ സമാധാനദൗത്യവുമായി എത്തിയ വത്തിക്കാന്റെ അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ ഗാല്ലഗർ, കീവിലെ ബോംബാക്രമണ പ്രദേശങ്ങൾ സന്ദർശിച്ചു. റഷ്യൻ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട സെന്റ് നിക്കോളാസ് ദൈവാലയം സന്ദർശിച്ച ആർച്ച്ബിഷപ്പ്, ലെയോ പതിനാലാമൻ മാർപാപ്പ ഉക്രൈനിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും അവർക്കായി നിരന്തരം പ്രാർഥിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഉക്രൈനിലേക്കുള്ള തന്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം യുദ്ധത്തിന്റെ ഭീകരത നേരിട്ട പ്രദേശങ്ങളിൽ എത്തിയത്.
2024 ഡിസംബറിൽ റഷ്യൻ മിസൈൽ പതിച്ച് ജനലുകളും ഉൾഭാഗവും തകർന്ന സെന്റ് നിക്കോളാസ് ലാറ്റിൻ കത്തോലിക്കാ ദൈവാലയമാണ് ആർച്ച്ബിഷപ്പ് ആദ്യം സന്ദർശിച്ചത്. വത്തിക്കാന്റെ നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ ഉക്രൈൻ അധികൃതർ ഈ പള്ളി കത്തോലിക്കാ സമൂഹത്തിന് പുനരുദ്ധാരണത്തിനായി വിട്ടുനൽകിയിരുന്നു. പള്ളിവികാരി ഫാ. പാവ്‌ലോ വിഷ്‌കോവ്‌സ്‌കിയുടെ നേതൃത്വത്തിൽ വിശ്വാസികൾ വത്തിക്കാൻ പ്രതിനിധിയെ സ്വീകരിച്ചു. തുടർന്ന് പള്ളിയിൽ വച്ച് ഉക്രൈനിലെ യുദ്ധം അവസാനിക്കുന്നതിനായി അവർ ഒന്നിച്ച് പ്രാർഥിച്ചു.
പ്രതിസന്ധികളിലും വിശ്വാസത്തിലും രാജ്യസ്നേഹത്തിലും ഉക്രൈനിലെ ജനങ്ങൾ കാണിക്കുന്ന ‘സ്ഥിരോത്സാഹത്തെ’ (Perseverance) അദ്ദേഹം അഭിനന്ദിച്ചു. റഷ്യൻ വ്യോമാക്രമണത്തിൽ വീട് പൂർണ്ണമായി തകർന്നിട്ടും അദ്ഭുതകരമായി രക്ഷപെട്ട പരിശുദ്ധ കുടുംബത്തിന്റെ (Holy Family) ഒരു തിരുസ്വരൂപവും ഉക്രൈന്റെ പ്രതീകമായ സൂര്യകാന്തിപ്പൂക്കളും വിശ്വാസികൾ വത്തിക്കാൻ പ്രതിനിധിക്ക് സമ്മാനിച്ചു.