വത്തിക്കാൻ നയതന്ത്ര സേവനം ക്രിസ്തുവെന്ന സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനു വേണ്ടിയാണ്: പാപ്പാ
പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയുടെ 325-ആം സ്ഥാപന വാർഷികത്തിൽ, പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നയതന്ത്രപ്രവർത്തനങ്ങൾ നടത്താനൊരുങ്ങുന്ന വൈദികരുമായി, ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു.
സഭയുടെ കത്തോലിക്കാ വിശ്വാസത്തിൽ വേരൂന്നിയ, പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയുടെ ചരിത്രം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരുടെ എളിമയാർന്ന കഴിവുകളാൽ, ക്രിസ്തുവിന്റെ ഐക്യം കെട്ടിപ്പടുക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
അക്കാദമിയുടെ, ബൗദ്ധിക വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട സമീപകാല മാറ്റങ്ങൾ ഏറെ അനിവാര്യമായിരുന്നുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണം മറ്റുള്ളവരോടുള്ള അടുപ്പം, ശ്രദ്ധാപൂർവ്വം അവരെ ശ്രവിക്കൽ, ജീവിത സാക്ഷ്യം, സാഹോദര്യ സമീപനം, സംഭാഷണം, വിനയവും സൗമ്യതയും, എന്നിവയാണെന്നും, അത് പൗരോഹിത്യ ശുശ്രൂഷയിലും പാലിക്കേണ്ടുന്ന സദ്ഗുണങ്ങൾ ആണെന്നും പാപ്പാ പറഞ്ഞു.
പത്രോസിന്റെ പിൻഗാമിയുടെ ശുശ്രൂഷയിൽ പങ്കാളികളാകുന്നതിനാൽ, സമാധാന സേവനത്തിനു പ്രത്യേകമായ ഒരു സ്ഥാനമുണ്ടെന്നും, അത് സത്യത്തിലും, നീതിയിലും അടിസ്ഥാനപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കർത്താവിന്റെ പുനരുത്ഥാനത്തിന്റെ സന്ദേഹവാഹകനായിരിക്കണം, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര പ്രതിനിധിയെന്നു പറഞ്ഞ പാപ്പാ, അത് സമാധാനത്തിന്റേതാണെന്നും കൂട്ടിച്ചേർത്തു.
അതിനാൽ ഏവരുടെയും ദൗത്യം ഈ സമാധാനത്തിനു വഴിയൊരുക്കുന്ന പാലങ്ങളും, ഉപാധികളുമായി മാറുക എന്നതാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഏറ്റവും വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിലും അന്താരാഷ്ട്ര സംഘടനകളിലും പ്രവർത്തിക്കുന്നവരെന്ന നിലയിൽ, പരിശുദ്ധ സിംഹാസനത്തിനുവേണ്ടി നയതന്ത്രപ്രവർത്തനങ്ങൾ നടത്തുന്നവർ, ക്രിസ്തുവെന്ന സത്യത്തിന് സാക്ഷ്യം വഹിക്കാനും, ഒരു അജപാലകൻ എന്ന നിലയിൽ തന്റെ ദൗത്യത്തിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന മനുഷ്യരോട്, സ്നേഹത്തിന്റെ അടയാളമായി മാറാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു എടുത്തു പറഞ്ഞു.
കത്തോലിക്കാ സമൂഹത്തിന്റെ നന്മ സംരക്ഷിക്കുന്നതിൽ മാത്രമല്ല, മുഴുവൻ മനുഷ്യകുടുംബത്തിന്റെയും സംരക്ഷണത്തിൽ പ്രകടമാകുന്ന ഒരു പ്രത്യേക ശുശ്രൂഷ നടത്താൻ ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ ഓർമ്മിപ്പിച്ചു.
ഓരോ വ്യക്തിയിലും പതിഞ്ഞിരിക്കുന്ന ദൈവത്തിന്റെ പ്രതിച്ഛായയെ തിരിച്ചറിയാനും പുനർനിർമ്മിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന എല്ലാത്തരം നീതികളും പ്രോത്സാഹിപ്പിക്കുവാനും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഉത്സുകരാകുവാനും പാപ്പാ ഏവരെയും പ്രത്യേകം ആഹ്വാനം ചെയ്തു.