യുക്രൈനിലെ യുദ്ധബാധിതര്‍ക്കു വീണ്ടും സഹായം വിതരണം ചെയ്ത് വത്തിക്കാന്‍ സംഘം
കീവ്: റഷ്യ - യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങള്‍ക്കിടയില്‍ ലെയോ പാപ്പയുടെ പേരിലുള്ള സഹായഹസ്തം ദുരിതബാധിതര്‍ക്ക് കൈമാറി.
യൂറോപ്പിലെ ശൈത്യകാലത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലെ കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഉപവി കാര്യാലയം ഭക്ഷണമുള്‍പ്പെടെയുള്ള വിവിധ അവശ്യവസ്തുക്കള്‍ എത്തിച്ചു.
ആര്‍ച്ച് ബിഷപ്പ് ലൂയിസ് മരീന്‍ ദേ സാന്‍ മര്‍ത്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഹായം ലഭ്യമാക്കിയത്. കീവ്, സപൊറീഷ്യ, പോള്‍ട്ടാവ തുടങ്ങിയ നഗരങ്ങളിലെ ദുരിതബാധിതരെ വത്തിക്കാന്‍ സംഘം സന്ദര്‍ശിച്ചിരിന്നു.
ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി, യുക്രൈനിലെ ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും താമസസൗകര്യവും മാനസിക സഹായവും നല്‍കുന്ന അഭയകേന്ദ്രങ്ങളും സഭാസമൂഹങ്ങളും സന്ദര്‍ശിച്ച സംഘം പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാര്‍ത്ഥനകള്‍ അറിയിക്കുകയും സഹായമെത്തിക്കുകയും ചെയ്തു.
ഒക്ടോബര്‍ 27 ചൊവ്വാഴ്ച പോളണ്ടിലെ വാര്‍സോ നഗരത്തില്‍നിന്ന് 12 മണിക്കൂറുകള്‍ റോഡ് മാര്‍ഗ്ഗം യാത്ര ചെയ്ത് കീവിലെത്തിയ സംഘം ഇന്നലെ വെള്ളിയാഴ്ച റോമിലേക്ക് മടങ്ങി.
രോഗികളായി കഴിയുന്നവര്‍ക്കുവേണ്ട മരുന്നുകള്‍, ശൈത്യകാല വസ്ത്രങ്ങള്‍, ഹീറ്ററുകള്‍, കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക ഡയപ്പറുകള്‍ തുടങ്ങിയ വസ്തുക്കളും സംഘം കൈമാറി.
ദുരിതവും ദാരിദ്ര്യവും പട്ടിണിയുമനുഭവിക്കുന്ന ജനതയുടെ നിലവിളിയുടെ ശബ്ദത്തിന് പ്രത്യുത്തരം നല്‍കുന്നതിന്റെ ഭാഗമായാണ് പാപ്പായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷനും സംഘവും രാജ്യത്തെത്തിയത്.