മാതൃത്വത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ വത്തിക്കാന്‍

 
Lady



ജെനീവ:  കുടുംബങ്ങളെ സംരക്ഷിക്കാനും മാതൃത്വത്തെ ഏതോരൊരു സമൂഹത്തിന്റെ യും നിലനില്‍പ്പിനും ഭാവിക്കും പകരം വയ്ക്കാനാവാത്ത സംഭാവനയായി വിലമതിക്കുവാനും ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് വത്തിക്കാന്‍. 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍ച്ചുബിഷപ് എത്തോറെ ബാലെസ്ട്രെറോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

 സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയിലെഓഫീസിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനും അപ്പസ്തോലിക് നൂണ്‍ഷ്യോയുമാണ് ആര്‍ച്ചുബിഷപ് ബാലെസ്ട്രെറോ.


മാതൃത്വത്തിന്റെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധിയും ഖേദം പ്രകടിപ്പിച്ചു. മാതൃത്വത്തിന് 'അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും, സമൂഹത്തില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അംഗീകാരവും പിന്തുണയും ആവശ്യമായ ഒരു പൊതുനന്മ എന്നതിലുപരി അതൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പായി തെറ്റായി ചിത്രീകരിക്കപ്പെടുന്നു' എന്നും ഐക്യരാഷ്ട്രസഭ പ്രതിനിധി വിലയിരുത്തി.

മാതൃത്വത്തെ വിലമതിക്കുകയെന്നാല്‍ കുടുംബങ്ങളെയും പ്രത്യേകിച്ച് അമ്മമാരെ പിന്തുണയ്ക്കുക എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ആര്‍ച്ചുബിഷപ് എത്തോറെ ബാലെസ്ട്രെറോ വ്യക്തമാക്കി. 

 ശമ്പളത്തോടു കൂടിയ അവധിയും മതിയായ സാമൂഹിക സുരക്ഷയും ഉള്‍പ്പെടെ, പ്രസവത്തിന് മുമ്പും ശേഷവും പ്രത്യേക പരിചരണത്തിനും സഹായത്തിനും സംരക്ഷണത്തിനും അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു.

 മാതൃത്വം, സ്ത്രീകളുടെ ഉന്നമനത്തിന്  തടസമാണെന്ന് മുദ്രകുത്തുന്ന സ്ഥാപനപരവും സാംസ്‌കാരികവുമായ പ്രവണതകളില്‍ പരിശുദ്ധ സിംഹാസനം എന്നും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ് ബാലെസ്ട്രെറോ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web