വത്തിക്കാൻ ബാങ്കിന്റെ 2025 വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
മെയ് മാസം പതിനൊന്നാം തീയതി, തിങ്കളാഴ്ച, വത്തിക്കാൻ ബാങ്ക് എന്നറിയപ്പെടുന്ന, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വർക്ക്സ് ഓഫ് റിലീജിയൻ (ഐഒആർ), ന്റെ 2025 വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് അനുസരിച്ച്, 2025 ൽ വത്തിക്കാൻ ബാങ്കിന് 51 മില്യൺ യൂറോയുടെ അറ്റാദായം രേഖപ്പെടുത്തി, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 55.5% വർദ്ധനവും കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഫലവുമാണ്.
മെച്ചപ്പെട്ട പ്രവർത്തനവും, സജീവവും അച്ചടക്കമുള്ളതുമായ കാര്യ നിർവഹണം, അനുകൂലമായ വിപണി സാഹചര്യങ്ങൾ, ഇടപാടുകാരുടെ ആസ്തികളിലെ വർദ്ധനവ് എന്നിവയാണ് ഈ നേട്ടത്തിന് സഹായകമായതെന്ന് ഭരണനേതൃത്വം പങ്കുവച്ചു. 2024-ൽ 5.7 ബില്യൺ യൂറോയുമായി താരതമ്യം ചെയ്യുമ്പോൾ, മൊത്തം ഇടപാടുകാരുടെ ആസ്തി 5.9 ബില്യൺ യൂറോയായി.
ഇടപാടുകാരെ സംരക്ഷിക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവേകപൂർണ്ണമായ സമീപനത്തെയാണ് ബാങ്കിന്റെ മൂലധന, ആസ്തികൾ പ്രതിഫലിപ്പിക്കുന്നതെന്നും ബാങ്ക് വെളിപ്പെടുത്തി. 2025-ലെ ഫലങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂലധനവൽക്കരണ ആവശ്യങ്ങളും കണക്കിലെടുത്ത്, പരിശുദ്ധ പിതാവിന് €24.3 മില്യൺ ലാഭവിഹിതം വിതരണം ചെയ്യാൻ, കർദിനാൾമാരുടെ കമ്മീഷൻ അംഗീകാരം നൽകി. 2024 നെ അപേക്ഷിച്ച് 76.1% വർദ്ധനവാണ് ഇത് എടുത്തുകാണിക്കുന്നത്. മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് ഈ തുക ഉപയോഗപ്പെടുത്തുക.
കത്തോലിക്കാ വിശ്വാസത്തിന്റെയും സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെയും തത്വങ്ങളുമായി പൊരുത്തപ്പെടുന്ന നിക്ഷേപങ്ങളെ ബാങ്ക് തുടർന്നും പ്രോത്സാഹിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.