മനുഷ്യ അന്തസ്സിനേക്കാൾ മുൻഗണന ആയുധങ്ങൾക്ക്: ആഗോള സാമ്പത്തിക നയങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയിൽ വത്തിക്കാൻ
ആഗോളതലത്തിൽ ആയുധങ്ങൾക്കായി ചെലവിടുന്ന തുക വർധിക്കുമ്പോഴും പാവപ്പെട്ടവർക്കും വികസ്വര രാജ്യങ്ങൾക്കുമായുള്ള സാമ്പത്തിക സഹായങ്ങൾ അവഗണിക്കപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക വികസനത്തിനായുള്ള ഇക്കോസോക്ക് (ECOSOC) ഫോറത്തിൽ സംസാരിക്കവെ, വത്തിക്കാന്റെ യുഎൻ നിരീക്ഷക ദൗത്യം കൗൺസിലർ മോൺസിഞ്ഞോർ മാർക്കോ ഫോർമിക്കയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി നയപരമായ പരാജയം മാത്രമല്ല, മറിച്ച് ഒരു വലിയ ധാർമ്മിക പരാജയമാണെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി പണം കണ്ടെത്താൻ വികസ്വര രാജ്യങ്ങൾ ബുദ്ധിമുട്ടുമ്പോൾ, മറുഭാഗത്ത് ആയുധങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവിടുന്നത് മനുഷ്യത്വത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ കാരണമുണ്ടാകാത്ത ആഗോളപ്രതിസന്ധികളുടെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട ജനങ്ങളാണെന്ന വസ്തുത ഗൗരവകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂലൈയിൽ അംഗീകരിച്ച ‘സെവിയ്യ കമ്മിറ്റ്‌മെന്റ്’ പ്രകാരമുള്ള വികസനലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗോള സാമ്പത്തിക ഘടനയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. നിലവിലെ ധനസഹായ മാതൃകകൾ പരാജയമാണെന്നും കൂടുതൽ നീതിയുക്തമായ സമീപനങ്ങൾ ലോകത്തിന് ആവശ്യമാണെന്നും വത്തിക്കാൻ നിരീക്ഷിച്ചു. സാമ്പത്തിക ചട്ടക്കൂടുകൾ കേവലം ലാഭമുണ്ടാക്കാനുള്ള ഉപാധികളാകാതെ, ഓരോ മനുഷ്യന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള മാർഗങ്ങളാകണം. ലെയോ പതിനാലാമൻ മാർപാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് മോൺസിഞ്ഞോർ ഫോർമിക്ക തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
“എല്ലാ മനുഷ്യർക്കും ഒരേ അന്തസ്സുണ്ടെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ, വിവിധ രാജ്യങ്ങൾക്കിടയിലുള്ള ഭീമമായ ഈ സാമ്പത്തിക അസമത്വങ്ങൾ അവഗണിക്കാനാവില്ല” – അദ്ദേഹം പറഞ്ഞു.
സമ്പന്നരാജ്യങ്ങൾ തങ്ങളുടെ വികസന സഹായവാഗ്ദാനങ്ങൾ പാലിക്കണമെന്നും, കടബാധ്യതയുള്ള രാജ്യങ്ങൾക്ക് ആവശ്യമായ കടാശ്വാസങ്ങൾ കൂടുതൽ സുതാര്യമായി ലഭ്യമാക്കണമെന്നും വത്തിക്കാൻ ആവശ്യപ്പെട്ടു. സ്വകാര്യനിക്ഷേപങ്ങൾ വെറും ലാഭത്തിനു മാത്രമാകാതെ പൊതുനന്മയ്ക്കായി വിനിയോഗിക്കണമെന്നും ഫോറത്തിൽ നിർദേശമുയർന്നു