വെനസ്വേലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വത്തിക്കാന്‍ - യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാര്‍
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ടെലിഫോണ്‍ സംഭാഷണം നടത്തി.
വെനസ്വേലയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, ലോകമെമ്പാടും സമാധാനവും മതസ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര വെല്ലുവിളികളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
2009 മുതല്‍ 2013 വരെ വെനസ്വേലയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആയി കര്‍ദിനാള്‍ പരോളിന്‍ സേവനമനുഷ്ഠിച്ചിരുന്നു.
ലോകമെമ്പാടുമുള്ള പൊതുവെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതിനായി അമേരിക്കയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കുറിപ്പില്‍ വ്യക്തമാക്കി.
കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായുള്ള പ്രസംഗത്തില്‍ ലിയോ 14 -ാന്‍ മാര്‍പാപ്പ വെനസ്വേലയിലെ സാഹചര്യത്തെക്കുറിച്ച് അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.