ലെബനനില്‍ വത്തിക്കാന്‍ സ്ഥാനപതി നയിച്ച ദുരിതാശ്വാസ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; അടിയന്തരമായി വഴിതിരിച്ചുവിട്ടു
ലെബനന്‍: ദക്ഷിണ ലെബനനിലെ ക്രൈസ്തവ ഗ്രാമങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി പോയ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ വാഹനവ്യൂഹം ഇസ്രായേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ശക്തമായ വെടിവെപ്പില്‍ പെട്ടു. ഇതേത്തുടര്‍ന്ന് വാഹനവ്യൂഹം അടിയന്തരമായി വഴിതിരിച്ചുവിട്ടു.
ലെബനനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് പൗലോ ബോര്‍ജിയയുടെ നേതൃത്വത്തില്‍ കത്തോലിക്കാ സഭാ സംഘടനയായ 'കാരിത്താസ്' ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ സംയുക്തമായി സംഘടിപ്പിച്ച ദുരിതാശ്വാസ ദൗത്യമാണ് അപകടത്തില്‍പ്പെട്ടത്.
ദക്ഷിണ ലെബനനിലെ മൂന്ന് ക്രൈസ്തവ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കി 45 ട്രക്കുകളും മറ്റ് വാഹനങ്ങളുമടങ്ങുന്ന വ്യൂഹം ജൂണ്‍ 11 വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബെയ്‌റൂട്ടില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ ടൈര്‍ നഗരത്തിന് തെക്കുള്ള ദെബെല്‍ഗ്രാമത്തിന് സമീപമെത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ അതിരൂക്ഷമായ ആയുധപ്പോരാട്ടം ആരംഭിക്കുകയായിരുന്നു.
ബന്ധപ്പെട്ട അധികാരികളുമായി മുന്‍കൂട്ടി ഏകോപിപ്പിച്ച് നിശ്ചയിച്ച പാതയിലൂടെ തുടര്‍ന്നുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ദൗത്യസംഘത്തിന് വഴിമാറി സഞ്ചരിക്കേണ്ടി വന്നതായി ആര്‍ച്ച് ബിഷപ്പ് പൗളോ ബോര്‍ജിയ വത്തിക്കാന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
ഭക്ഷണം, മരുന്നുകള്‍, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സഹായങ്ങളാണ് വാഹനങ്ങളിലുണ്ടായിരുന്നത്. ദെബെല്‍ കൂടാതെ ഐന്‍ എബെല്‍ , ആര്‍മേയ്ഷ് (ഞാലശരവ) എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കായാണ് ഇവ എത്തിക്കാന്‍ ശ്രമിച്ചത്.
യുദ്ധസാഹചര്യത്തില്‍ സാധനക്ഷാമം നേരിടുന്ന പ്രാദേശിക കടകളിലേക്കുള്ള അവശ്യവസ്തുക്കളും കര്‍ഷകര്‍ക്കും കന്നുകാലി വളര്‍ത്തുകാര്‍ക്കും ജീവനമാര്‍ഗ്ഗം പുനരാരംഭിക്കാനുള്ള സഹായങ്ങളും ഇതിലുണ്ടായിരുന്നു.
ആഴ്ചകളായി ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച ഏതാനും നാട്ടുകാരും തങ്ങളുടെ സ്വന്തം വാഹനങ്ങളുമായി ഈ സുരക്ഷിത വ്യൂഹത്തെ അനുഗമിച്ചിരുന്നു.
വെടിവെപ്പ് ഉണ്ടായ സമയത്ത് പരിഭ്രാന്തി പരന്നില്ലെങ്കിലും സാഹചര്യം അങ്ങേയറ്റം ഭയപ്പെടുത്തുന്നതായിരുന്നു എന്ന് വത്തിക്കാന്‍ സ്ഥാനപതി വ്യക്തമാക്കി.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ തികഞ്ഞ ആത്മസംയമനത്തോടെയും ശാന്തതയോടെയും മാത്രമേ കാര്യങ്ങളെ നേരിടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.