വരാപ്പുഴ അതിരൂപതയുടെ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കം,വരാപ്പുഴ അതിരൂപത വികാരി മാത്യു ഇലഞ്ഞിമറ്റം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു
കൊച്ചി: ശതോത്തര ജൂബിലി നിറവിലായിരിക്കുന്ന വരാപ്പുഴ അതിരൂപതയുടെ 14-ാമത് അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലെ പ്രത്യേക പന്തലില്‍ വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം കണ്‍വെന്‍ഷന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. സാംസണ്‍ ക്രിസ്റ്റി, ഫാ. ജിക്സന്‍ ജോണി, ഫാ. അമല്‍ ആന്റണി, ഫാ.ആഗ്നല്‍ ജോര്‍ജ്, ഫാ. ഷൈന്‍ ജോസ് ചിലങ്ങര, ഫാ. ആന്റണ്‍ ഒളിപ്പറമ്പില്‍, ഫാ. ജോസ് റീഗണ്‍ എന്നിവര്‍ തിരുകര്‍മങ്ങളില്‍ സഹകാര്‍മികരായി.
ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി ഒന്‍പത് വരെയാണ് കണ്‍വന്‍ഷന്‍. എല്ലാ ദിവസവും ദിവ്യബലി, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ധ്യാനഗുരു ഫാ. സേവ്യര്‍ഖാന്‍ വട്ടായിയില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കണ്‍വന്‍ഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ.ജെറോം ചമ്മിണിക്കോടത്ത്, അതിരൂപത കമ്മീഷന്‍ ഫോര്‍ പ്രൊക്ലമേഷന്‍ ഡയറക്ടര്‍ ഫാ. ആന്റണി ഷൈന്‍ കാട്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കിവരുന്നു.