ഭരണഘടന ഉറപ്പു നല്‍കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: സിബിസിഐ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ നിരന്തരം പരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തില്‍ സ്വാതന്ത്യത്തിന്റെ മൂല്യം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വൈവിധ്യത്താല്‍ സമ്പന്നമായ നമ്മുടെ നാട്ടില്‍ ഭരണഘടനയില്‍ വേരുന്നിയ ഐക്യം, ശാശ്വത സമാധാനത്തിനും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും 79-ാമത് സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ചു നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടതു സര്‍ക്കാരിന്റെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കടമയാണ്. പല മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ഒരുമിച്ചു ജീവിക്കുന്ന രാജ്യത്ത്, ന്യൂനപക്ഷങ്ങളുടെ സുരക്ഷ, അന്തസ്, സ്വാതന്ത്ര്യം എന്നിവ പൗരന്മാരുടെ സമഗ്രതയ്ക്ക് അത്യന്താപേക്ഷിതമാണ്. ന്യൂ നപക്ഷങ്ങള്‍ക്കെതിരേ സാമൂഹികവിരുദ്ധര്‍ അടുത്തിടെ നടത്തിയ ആക്രമണങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ഭീഷണികള്‍ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ ക്രൈസ്തവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനും രാഷ്ട്രനിര്‍മാണത്തിനും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അക്കാമ്മ ചെറിയാന്‍, മധുസുദനന്‍ ദാസ്, ജോസഫ് ബാപ്റ്റിസ്റ്റ, അമൃത് കൗര്‍ തുടങ്ങി നിരവധി ധീരരായ ക്രൈസ്തവ ര്‍ സ്വാതന്ത്ര്യസമരത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. സ്വാതന്ത്ര്യസമരം മുതല്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ഉന്നമനം, ഗ്രാമവിക സനം എന്നിങ്ങനെ രാഷ്ട്രപുരോഗതിയില്‍ ക്രൈസ്തവസമൂഹം കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.