വി. ഫ്രാന്‍സിസ് അസീസിയുടെ ആത്മീയചൈതന്യം ഇന്നും ഫലം പുറപ്പെടുവിക്കുന്നു: ലെയോ പാപ്പ
വി. ഫ്രാന്‍സിസ് അസീസിയുടെ ആത്മീയചൈതന്യവും ജീവിതമാതൃകയും ലോകത്ത് വലിയ മാറ്റങ്ങളും നന്മകളും സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികളെ ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കു മുന്നോടിയായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ.
''ക്രൂശിതനായ ക്രിസ്തുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഫ്രാന്‍സിസ് തന്റെ ജീവിതം ക്രിസ്തുവെന്ന ഉറച്ച അടിത്തറയിലാണ് പണിതുയര്‍ത്തിയത്.
അവിടുത്തെ ദാരിദ്ര്യത്തിലും സന്തോഷത്തിലും കഷ്ടപ്പാടുകളിലും പങ്കുചേര്‍ന്ന അദ്ദേഹത്തിന് ഒടുവില്‍ പഞ്ചക്ഷതങ്ങള്‍ ലഭിക്കുകയും ചെയ്തു.
സഹോദരസ്‌നേഹത്തിന്റെ സാക്ഷ്യത്തിലൂടെ ഭിന്നതകള്‍ പരിഹരിച്ചുകൊണ്ട് യേശുവിലുള്ള വിശ്വാസത്താല്‍ അദ്ദേഹം സഭയെ വീണ്ടെടുത്തു,'' പാപ്പ പറഞ്ഞു.
സഭ എന്ന മുന്തിരിത്തോപ്പ് ക്രിസ്ത്യാനികളുടെ സംരക്ഷണയിലാണ് ഏല്‍പിക്കപ്പെട്ടിരിക്കുന്നതെന്നും നമ്മുടെ ഓരോ തീരുമാനങ്ങളും സഭയുടെ വളര്‍ച്ചയ്‌ക്കോ, തകര്‍ച്ചയ്‌ക്കോ കാരണമാകുമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.