വി. റോസയുടെ വീടിനു സമീപം 450 വര്‍ഷം പഴക്കമുള്ള ആശുപത്രിയുടെ അവശേഷിപ്പുകള്‍ കണ്ടെത്തി
പെറുവിലെ ലിമയില്‍ സ്ഥിതിചെയ്യുന്ന വി. റോസയുടെ ചരിത്രപ്രസിദ്ധമായ വീടിനു സമീപത്തു നിന്ന് 450 വര്‍ഷത്തോളം പഴക്കമുള്ള പുരാതന ആശുപത്രിയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചരിത്രപരമായും ആത്മീയമായും ഏറെ പ്രാധാന്യമുള്ള ഒരു കണ്ടുപിടിത്തമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലിമയിലെ പ്രാദേശിക ഭരണകൂടവും പുരാവസ്തുവകുപ്പും ചേര്‍ന്ന് നടത്തിയ ഖനനത്തിലാണ് കൊളോണിയല്‍ കാലഘട്ടത്തിലെ ഈ കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 16-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പണിതുയര്‍ത്തിയ 'സാന്‍ ബര്‍തോലോമെ' ആശുപത്രിയുടെ ഭാഗങ്ങളാണ് ഇവയെന്നാണ് നിഗമനം.
അമേരിക്കന്‍ വന്‍കരയിലെ ആദ്യത്തെ വിശുദ്ധയായ ലിമയിലെ റോസ, തന്റെ ജീവിതകാലത്ത് രോഗികളെയും ദരിദ്രരെയും പരിചരിക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു.
സ്വന്തം വീടിന്റെ ഒരു ഭാഗം രോഗികള്‍ക്കായുള്ള പരിചരണകേന്ദ്രമാക്കി മാറ്റിയിരുന്ന വിശുദ്ധയുടെ സേവനവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തല്‍.
ആശുപത്രിയുടെ തറഭാഗങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍, കൊളോണിയല്‍ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വിവിധ നിര്‍മ്മാണ സാമഗ്രികള്‍, ഔഷധങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍ എന്നിവ ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അക്കാലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വൈദ്യസഹായം നല്‍കിയിരുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇതെന്ന് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നു.
ലിമയുടെ സമ്പന്നമായ കത്തോലിക്കാ പാരമ്പര്യത്തെയും വി. റോസയുടെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ചരിത്രപശ്ചാത്തലത്തെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഈ ഗവേഷണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.