വി. മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍

 
V MARIYA


1. ലളിതമായ വിശ്വാസത്തിലൂടെയും പുണ്യപൂര്‍ണ്ണത കൈവരിക്കാം

മരിയ ഗൊരേത്തിക്ക് ഔപചാരിക വിദ്യാഭ്യാസം ഇല്ലായിരുന്നതിനാല്‍ ആദ്യകുര്‍ബാന സ്വീകരണവേളയില്‍ വേദോപദേശം പഠിക്കുന്നതിനു ബുദ്ധിമുട്ടായിരുന്നുവെങ്കിലും അവള്‍ക്ക് ദൈവത്തോട് പൂര്‍ണ്ണസ്‌നേഹവും വിശ്വാസവുമുണ്ടായിരുന്നു.

ദൈവവിശ്വാസത്തെ യുക്തിയുടെ അതിപ്രസരണത്താല്‍ സങ്കീര്‍ണ്ണമാക്കുമ്പോള്‍ ദൈവാനുഭവം പലപ്പോഴും നഷ്ടമാകുന്നു. ദൈവത്തോട് നമ്മുടെ ഹൃദയം എങ്ങനെ തുറക്കാനും അവന്റെ ഇഷ്ടത്തില്‍ വിശ്വസിക്കാനും കഴിയുമെന്ന് മരിയ ഗൊരേത്തി പഠിപ്പിക്കുന്നു.

2. വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പോരാടുന്നത് മൂല്യവത്താണ്

വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജീവന്‍ ത്യജിക്കാന്‍ മരിയ സന്നദ്ധയായി. പവിത്രത ദൈവഹിതമായി തിരിച്ചറിഞ്ഞ അവള്‍ അതു കാത്തുസൂക്ഷിക്കാനായി ശക്തമായി തിന്മയുടെ ശക്തിക്കെതിരെ പോരാടി.

വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ നമ്മുടെ ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയും. നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവഹിതപ്രകാരമുള്ളതായി മാറുമ്പോള്‍ വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്നു വി. ഗൊരേത്തി പഠിപ്പിക്കുന്നു. ജീവിതവിശുദ്ധി നഷ്ടപ്പെടുത്തുന്നതാണ് പല വ്യക്തിജീവിതവും പരാജയപ്പെടാന്‍ അടിസ്ഥാനകാരണം.

3. ബോധ്യങ്ങളോടു വിശ്വസ്തത പുലര്‍ത്തി ജീവിക്കുക

ബോധ്യമില്ലാത്ത ജീവിതാദര്‍ശങ്ങള്‍ നൂല്‍പൊട്ടിയ പട്ടം പോലെ പാറിനടക്കുന്നു. നല്ല ബോധ്യങ്ങളില്‍നിന്ന് ഉരുത്തിരിയുന്ന ജീവിതാനുഭവങ്ങള്‍ ജീവിതത്തെ സുന്ദരവും സുദൃഢവുമാക്കും.

മരിയ ഗൊരേത്തി തന്റെ ജീവിതബോധ്യങ്ങളോട് വിശ്വസ്തത പുലര്‍ത്തി ജീവിച്ചു. അതിന്റെ പരിണിതഫലമായിരുന്നല്ലോ അവളുടെ രക്തസാക്ഷിത്വം. ലോകത്തിന്റെ കുത്തൊഴുക്കിലകപ്പെട്ട് ചാരുത നഷ്ടപ്പെടാതെ ദൈവഹിതം അനുസരിച്ചു ജീവിക്കാന്‍ നല്ല ബോധ്യങ്ങള്‍ നമുക്ക് ആവശ്യമാണ്.

4. ക്ഷമ ജീവിതത്തെ മാറ്റിമറിക്കുന്നു

മരിയ ഗൊരേത്തി തന്റെ ജീവിതം നശിപ്പിച്ചവനോട് ഹൃദയപൂര്‍വം ക്ഷമിച്ചു. ക്ഷമിക്കാതിരിക്കുമ്പോള്‍, ഒരുതരം നീരസത്തെ അടിസ്ഥാനമാക്കിയുള്ള കോപം നമ്മില്‍ നിലനിര്‍ത്തുകയും ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്നു.

മരിയ ഗൊരേത്തി ഒരു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം അലസ്സാന്‍ഡ്രോയുടെ ജീവിതം നാടകീയമായി മാറി. അവളുടെ ക്ഷമ അവനെ വിശുദ്ധിയില്‍ വളരാന്‍ അനുവദിക്കുകയും ജീവിതത്തിനു പുതിയ ദിശാബോധം നല്‍കുകയും ചെയ്തു. മരിയ ഗൊരേത്തിയുടെ മാതൃകള്‍ ക്ഷമയുടെ സാക്ഷികളാകാന്‍ നിങ്ങളെ പ്രോത്സഹിപ്പിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

5. എളിമ പരിശുദ്ധിയുടെ താക്കോലാണ്

ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസിലാക്കുകയോ, മൂല്യം തിരിച്ചറിയുകയോ ചെയ്തിട്ടില്ല. ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. ''ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെതന്നെ'' (മത്തായി 20:28).

എളിയ ജീവിതത്തിലൂടെ ഭൂമിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന് വി. മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പിതാവിന്റെ മരണശേഷം മരിയയ്ക്ക് അമ്മയുടെ വീട്ടുജോലികള്‍ ഏറ്റെടുക്കേണ്ടിവരുകയും അവളുടെ അഞ്ച് ഇളയ സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ടതായും വന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എളിമയോടും സന്തോഷത്തോടും കൂടി മരിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി.

കടപ്പാട്:ഫാ. ജയ്‌സണ്‍ കുന്നേല്‍ എംസിബിഎസ്‌
 

Tags

Share this story

From Around the Web