പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചു നശിപ്പിച്ചു, പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

 
333

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ഉടമസ്ഥതയിലുള്ള ചെമ്മീൻ ഷെഡ് അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. ടി. പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിനോട് അനുബന്ധിച്ചുള്ള ഷെഡിനാണ് ഇന്നലെ രാത്രിയോടെ തീയിട്ടത്. സംഭവത്തിന് പിന്നിൽ മുൻ എം.എൽ.എ. ടി.ഐ. മധുസൂദനനാണെന്ന് പുരുഷോത്തമൻ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷെഡിനുള്ളിൽ സ്ഫോടനം നടന്നതുപോലെയാണ് അനുഭവപ്പെട്ടതെന്നാണ് പുരുഷോത്തമൻ പറയുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഷെഡിന്റെ ജനലുകൾ ഉൾപ്പെടെ തെറിച്ചുപോയിട്ടുണ്ട്. സാധാരണ തീപിടുത്തത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകില്ലെന്നും ഇതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്ക് തുടർച്ചയായി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ നേരത്തെയും പുരുഷോത്തമന് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനുമുമ്പ് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും കത്തിക്കാൻ അജ്ഞാതർ ശ്രമിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഉടൻ ഉണർന്നു പ്രവർത്തിച്ച് തീയണച്ചതുകൊണ്ട് മാത്രമാണ് അന്ന് വൻ ദുരന്തം ഒഴിവായത്. മുൻ ഡിവൈഎഫ്‌ഐ ജില്ലാ നേതാവും അന്തരിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ടി. ഗോവിന്ദന്റെ സഹോദരി പുത്രനുമാണ് ടി. പുരുഷോത്തമൻ. മുൻപ് വിഭാഗീയതയെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തുപോയ അദ്ദേഹം പിന്നീട് വീണ്ടും പാർട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

Tags

Share this story

From Around the Web