വി. ജോയിയെ സെക്രട്ടറിയാക്കുന്നതിൽ അതൃപ്തി; ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി. ജോയിയെ വീണ്ടും പരിഗണിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കി മന്ത്രി വി. ശിവൻകുട്ടി. ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു.
ഇന്നലെ ജില്ലാ കമ്മിറ്റി അംഗങ്ങളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ ചർച്ചയിൽ, വി. ജോയി തന്നെ ജില്ലാ സെക്രട്ടറിയായി തുടരട്ടെ എന്ന നിർദ്ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇതിൽ കടുത്ത വിയോജിപ്പുള്ള വി. ശിവൻകുട്ടി, ഇന്ന് ചേർന്ന നിർണ്ണായക യോഗത്തിൽ പങ്കെടുക്കാതെ തന്റെ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.
വി. ജോയിക്ക് പകരം മറ്റൊരു നേതാവിനെ ജില്ലാ സെക്രട്ടറിയായി പരിഗണിക്കണമെന്ന നിർദ്ദേശം നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വന്നിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം ഈ ആവശ്യം പരിഗണിക്കാൻ തയ്യാറായില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം ജില്ലയിലെ സി.പി.എമ്മിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ജില്ലാ നേതൃത്വത്തിൽ പിടിമുറുക്കാൻ മന്ത്രി ശിവൻകുട്ടി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ നേതൃത്വം അദ്ദേഹത്തിന്റെ നിലപാടിനെ അവഗണിക്കുകയാണെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.