വി. ഓസ്‌കര്‍ റൊമേറോയെ 'സഭയുടെ വേദപാരംഗതനായി' പ്രഖ്യാപിക്കണമെന്ന് മാര്‍പാപ്പയോട് ആവശ്യപ്പെട്ട് ബിഷപ്പുമാര്‍
വി. ഓസ്‌കര്‍ ആര്‍നുള്‍ഫോ റൊമേറോയെ 'സഭയുടെ വേദപാരംഗതനായി' പ്രഖ്യാപിക്കണമെന്നും രക്തസാക്ഷിയായ ഈ ആര്‍ച്ച്ബിഷപ്പിന്റെ കല്ലറയില്‍ പ്രാര്‍ഥിക്കുന്നതിനായി മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോര്‍ സന്ദര്‍ശിക്കണമെന്നും അവിടത്തെ ബിഷപ്പുമാര്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ റോമില്‍ സാല്‍വഡോറിലെ ബിഷപ്പുമാര്‍ നടത്തിയ 'അഡ് ലിമിന' സന്ദര്‍ശനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 11 ന് നടന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യങ്ങള്‍ സമര്‍പ്പിച്ചത്.
ഒക്ടോബര്‍ നാലിന് എല്‍ സാല്‍വഡോറിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച 'സ്‌നേഹവും സൗഹാര്‍ദവും പിതൃവാത്സല്യവും നിറഞ്ഞതായിരുന്നു' എന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
1980 മാര്‍ച്ച് 24 ന് സാന്‍ സാല്‍വഡോറിലെ ഡിവൈന്‍ പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ കൊല്ലപ്പെടുകയും, 2018 ഒക്ടോബര്‍ 14 ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്ത വി. ഓസ്‌കര്‍ റൊമേറോയുമായി ബന്ധപ്പെട്ട ഇരു അപേക്ഷകളും ബിഷപ്പുമാര്‍ ഈ കൂടിക്കാഴ്ചയിലാണ് സമര്‍പ്പിച്ചത്.
സാന്‍ സാല്‍വഡോര്‍ ആര്‍ച്ച്ബിഷപ്പും സാല്‍വഡോറിന്റെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഹോസെ ലൂയിസ് എസ്‌കോബാറിന്റെ വാക്കുകള്‍ പ്രകാരം, പരിശുദ്ധ പിതാവ് ഈ നിര്‍ദേശങ്ങള്‍ അത്യന്തം താല്‍പര്യത്തോടെയുള്ള സമീപനത്തോടെയാണ് സ്വീകരിച്ചത്.
കൂടിക്കാഴ്ചയില്‍ വി. ഓസ്‌കര്‍ റൊമേറോയോടുള്ള തന്റെ പ്രത്യേക ഭക്തിയെക്കുറിച്ചും മാര്‍പാപ്പ സാല്‍വഡോറിലെ ബിഷപ്പുമാരുമായി പങ്കുവച്ചു. ആഴമേറിയ ദൈവജ്ഞാനവും മികച്ച അധ്യാപനപാടവവുമുള്ളവരും സഭയുടെ ദൈവശാസ്ത്രത്തിന് മഹത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്ത വിശുദ്ധരെയാണ് 'സഭയുടെ വേദപാരംഗതന്‍' എന്ന പദവി നല്‍കി ആദരിക്കുന്നത്. നിലവില്‍ സഭയില്‍ 38 വേദപാരംഗതന്മാരാണുള്ളത്.