ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൊലപാതകം, മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, തുടർനടപടികൾക്കൊരുങ്ങി പൊലീസ്
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ സഹപാഠിയാൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സാവരിയയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ടെന്ന കുടുംബത്തിന്റെ ആരോപണവും റിപ്പോർട്ടിൽ ശരിവെച്ചു.
സംഭവത്തിൽ മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദറുൽ അനമിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പെൺകുട്ടിയെ ഇയാൾ നിരന്തരം മതം മാറാൻ പ്രേരിപ്പിച്ചിരുന്നതായും, ഇതിന് വഴങ്ങാത്തതിനെത്തുടർന്നാണ് ക്രൂരമായ മർദ്ദനം നടന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.
ഉസ്ബെക്കിസ്ഥാനിലെ നിയമനടപടികൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ, BNSS 208-ാം വകുപ്പ് പ്രകാരം ഇന്ത്യയിൽ വെച്ച് തന്നെ കുറ്റവിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്.