കേരളത്തിൽ യുവി വികിരണം കടുക്കുന്നു; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലർട്ട്

 
HEAT

തിരുവനന്തപുരം: കേരളത്തിൽ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഇടുക്കിയിലെ മൂന്നാറിലും പത്തനംതിട്ടയിലെ കോന്നിയിലും അൾട്രാവയലറ്റ് സൂചിക 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

വികിരണതോത് 6 മുതൽ 7 വരെ രേഖപ്പെടുത്തിയ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11-ന് മുകളിൽ എത്തുന്ന സാഹചര്യമുണ്ടായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കാനാണ് അധികൃതരുടെ തീരുമാനം.

തുടർച്ചയായി സൂര്യരശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വികിരണതോത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ ഈ സമയങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞവരും ചർമ്മരോഗമുള്ളവരും ക്യാൻസർ ബാധിതരും വെയിൽ ഏൽക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം.

പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മ

ലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും വികിരണതോത് പൊതുവെ കൂടുതലായതിനാൽ ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. യാത്ര ചെയ്യുന്നവർ ഇടവേളകളിൽ തണലിൽ വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web