ഉത്തരാഖണ്ഡിലെ ചമോലി ജലവൈദ്യുത പദ്ധതി തുരങ്ക അപകടം: മരണസംഖ്യ എട്ടായി, കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

 
utharakhand


ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി. ടണലിനുള്ളില്‍ രണ്ട് തൊഴിലാളികള്‍ കൂടി കിടക്കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

വ്യാഴാഴ്ച വൈകുന്നേരം മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് വെള്ളവും ചെളിയും ഇരച്ചുകയറിയാണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 14 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 

എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘങ്ങള്‍ ഹൈപവര്‍ പമ്പുകളും റാഫ്റ്റുകളും ഉപയോഗിച്ച് തുരങ്കത്തിനുള്ളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നേരിട്ട് വിലയിരുത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടം എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. അപകട പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡില്‍ ആഗസ്റ്റ് 17 വരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അതേസമയം അരുണാചല്‍ പ്രദേശിലെ ദിബാങ് താഴ്വരയിലുണ്ടായ കനത്ത മഴയിലും മിന്നല്‍പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടം സംഭവിച്ചു. മിന്നല്‍ പ്രളയത്തില്‍ നാല് പ്രദേശവാസികള്‍ മരണപ്പെടുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്.

 ദിബാങ് താഴ്വരയിലെ 5 -ാം ഗ്രനേഡിയേഴ്സിന്റെ പസു പാനി ആര്‍മി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങള്‍ പ്രളയജലത്തില്‍ ഒഴുകിപ്പോവുകയായിരുന്നു.

 പ്രളയത്തില്‍ ഏഴ് സൈനികര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും രണ്ട് പേരെ ഉടന്‍ തന്നെ രക്ഷപ്പെടുത്താനായി. കാണാതായ ബാക്കി അഞ്ച് സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ഐ ടി ബി പി, എസ് ഡി ആര്‍ എഫ്, പൊലീസ് സംഘങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപ്പര്‍ സുബന്‍സിരി ജില്ലയിലെ കേഓജറിംഗ് - ബയാചിംഗ് റോഡ് നിര്‍മ്മാണ മേഖലയിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലാണ് നാല് സാധാരണക്കാര്‍ മരിച്ചത്. 

താഡു ബകി, താജി റായ്, മാര്‍ക്കോഷ് ബസുമതാരി, ബാബുല്‍ അലി എന്നിവരാണ് മരണപ്പെട്ടത്. ഇതില്‍ ബാബുല്‍ അലിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. 

മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി നാച്ചോ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും തെരച്ചില്‍ തുടരുകയാണ്.

Tags

Share this story

From Around the Web