ഇന്ത്യക്കാരുടേതടക്കം ദശലക്ഷക്കണക്കിന് വിസകള്‍ യുഎസ് പുനപ്പരിശോധിക്കും

 
us visa

വാഷിങ്ടണ്‍ ഡിസി: വിവിധ വിദേശ പൗരന്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള അഞ്ചരക്കോടി വിസകള്‍ പുനരവലോകനം ചെയ്യാന്‍ യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യാന്‍ കാരണമാകുന്ന തരത്തില്‍ ചട്ട ലംഘനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന പരിശോധിക്കുകയാണ് ലക്ഷ്യം.

പരിശോധനയുടെ പരിധിയില്‍ വരുന്ന അഞ്ചരക്കോടി വിസകളില്‍ അമ്പത് ലക്ഷം ഇന്ത്യക്കാരുടേതാണ്. ടൂറിസ്ററ്, സ്ററുഡന്‍റ്, വര്‍ക്കര്‍, ബിസിനസ് വിസകളെല്ലാം അവലോകനം ചെയ്യും. ഇതു കൈവശം വച്ചിരിക്കുന്നവര്‍ കാലാവധി ലംഘിക്കുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നായിരിക്കും പരിശോധിക്കുക.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പരിശോധനയും ഇതില്‍ ഉള്‍പ്പെടും. ഇതുകൂടാതെ ഇവരുടെ സ്വന്തം രാജ്യങ്ങളിലെ ക്രമസമാധാനവുമായും കുടിയേറ്റവുമായും ബന്ധപ്പെട്ട രേഖകളും പരിശോധിക്കും. ചട്ടലംഘനം കണ്ടെത്തിയാല്‍ വിസ റദ്ദാക്കി നാടുകടത്തും. നിലവില്‍ യുഎസില്‍ ഇല്ലാത്തവരും മുന്‍പ് ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയും, അങ്ങനെയുള്ളവര്‍ക്ക് ഭാവിയില്‍ രാജ്യത്ത് പ്രവേശനം നിഷേധിക്കുകയും ചെയ്യും.

വിസ അപേക്ഷകര്‍ 15,000 ഡോളറിന്‍റെ (ഏകദേശം 13 ലക്ഷം രൂപ) ബോണ്ട് നല്‍കിയാല്‍ മാത്രം യുഎസില്‍ പ്രവേശനം അനുവദിക്കാനുള്ള നിര്‍ദേശവും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.

യുഎസിലെ വിദേശ പൗരന്‍മാര്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങളിലും ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും പങ്കെടുത്തതുമായി ബന്ധപ്പെട്ട് ആരംഭിച്ച പരിശോധനയാണ് ഇപ്പോള്‍ വിശാലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനൊപ്പം, ട്രക്ക് ൈ്രഡവര്‍മാര്‍ക്ക് വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി യുഎസിലെത്തിയ, ഇന്ത്യക്കാരനായ സിഖ് ൈ്രഡവര്‍ ഫ്ളോറിഡയില്‍ അപകടമുണ്ടാക്കി മൂന്നു പേരുടെ മരണത്തിനു കാരണക്കാരനായതിനു പിന്നാലെയാണ് ഈ നടപടി.

Tags

Share this story

From Around the Web