കുടിയേറ്റ-സുരക്ഷാ നടപടികൾ ശക്തമാക്കി യുഎസ്; ജനുവരി മുതൽ 85,000 വിസകൾ റദ്ദാക്കി

 
us visa

ന്യൂയോര്‍ക്ക്: കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും ദേശീയ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായി ജനുവരി മുതല്‍ 85,000 വിസകള്‍ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയമങ്ങളുടെ കര്‍ശനമായ നടപ്പാക്കലാണ് ഇതിലൂടെ വ്യക്തമാകുന്നത്.

റദ്ദാക്കിയവയില്‍ 8,000-ത്തിലധികം വിദ്യാര്‍ത്ഥി വിസകള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഒരു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്‍നോട് പറഞ്ഞു, ഇത് കഴിഞ്ഞ വര്‍ഷത്തെ ഇരട്ടിയാണ്. മദ്യപിച്ച് വാഹനമോടിക്കല്‍ , ആക്രമണം, മോഷണം എന്നിവയാണ് വിസ റദ്ദാക്കിയതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളെന്നും, ഇത് കഴിഞ്ഞ വര്‍ഷത്തെ റദ്ദാക്കലുകളുടെ പകുതിയോളം വരുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

'ഞങ്ങളുടെ സമൂഹങ്ങളുടെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന ആളുകളാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്നും' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

റദ്ദാക്കലിന്റെ മറ്റ് കാരണങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങല്‍, ക്രിമിനല്‍ ആശങ്കകള്‍, തീവ്രവാദത്തിനുള്ള പിന്തുണ എന്നിവ മുന്‍പ് കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

പലസ്തീന്‍ വിഷയത്തില്‍ കാമ്പസ് പ്രതിഷേധങ്ങളില്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഭരണകൂടം ലക്ഷ്യമിടുന്നതായും, ചിലപ്പോള്‍ അവര്‍ക്കെതിരെ ജൂത വിരുദ്ധത അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന ആരോപണങ്ങളും ഉന്നയിക്കുന്നതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags

Share this story

From Around the Web