പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന വെടിയുതിര്‍ത്താല്‍ യുഎസ് ഇടപെടും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടണ്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന വെടിയുതിര്‍ത്താല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രതികരിച്ചു.
ഇറാന്റെ ആഭ്യന്തര വിഷയങ്ങളില്‍ യുഎസ് ഇടപെടുന്നത് മുഴുവന്‍ മേഖലയുടെയും അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് ഇറാന്‍ അമേരിക്കയ്ക്ക് മറുപടി നല്‍കി.
ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളായ ലോറെസ്ഥാന്‍, ചാഹര്‍മഹല്‍, ബക്തിയാരി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമായത്. പണപ്പെരുപ്പത്തിനും കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കുമെതിരെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
ഇറാനിലെ സാമ്പത്തികരംഗത്തിന്റെ തകര്‍ച്ചയാണ് കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഡോളറിനെതിരെ ഇറാന്‍ റിയാലിന്റെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ ജനജീവിതം ദുസ്സഹമായി.
2022ല്‍ ഡോളറിന് 430000 റിയാല്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് ഡോളറിനെതിരെ 1.42 ദശലക്ഷം റിയാലായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ വിലക്കയറ്റം രൂക്ഷമായി.
സാമ്പത്തിക രംഗം ആകെ തകര്‍ന്നതോടെ ഇറാനിലെ കേന്ദ്ര ബാങ്ക് തലവന്‍ മുഹമ്മദ് റെസ രാജിവച്ചു. ഭക്ഷണസാധനങ്ങള്‍ക്ക് 72 ശതമാനവും മരുന്നുകള്‍ക്ക് 50 ശതമാനവും വില വര്‍ധിച്ചു. മാര്‍ച്ച് മുതല്‍ നികുതി വര്‍ധന കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ രോഷാകുലരാകുകയും തെരുവിലേക്ക് ഇറങ്ങുകയുമായിരുന്നു.